തിരുവനന്തപുരം :കോർപറേഷനിലെ വിവാദ കത്തിൻമേല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാവശ്യപ്പെട്ട് മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് ഹർജി നൽകിയത്. ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും.
കോർപറേഷനിലെ കത്ത് വിവാദം : അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി - കോർപ്പറേഷനിലെ കത്ത് വിവാദം
കോർപറേഷൻ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്
ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞാലംഘനം നടന്നുവെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപറേഷനിൽ നടന്നതെന്നും ഹർജിയിൽ ആരോപണമുണ്ട്.
നിരവധി തൊഴിൽ രഹിതർ കാത്തുനിൽക്കുമ്പോഴാണ് ഇത്തരത്തിൽ അനധികൃത നിയമനങ്ങൾ നടത്തുന്നതെന്നും ഹർജിയിൽ പറയുന്നു. വിവാദ കത്തിന്മേൽ അന്വേഷണമാവശ്യപ്പെട്ട് ഹർജിക്കാരൻ നേരത്തെ വിജിലൻസ് ഡയറക്‌ടർക്ക് പരാതി നൽകിയിരുന്നു. ഇതില്‍ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് ആവശ്യം.