തിരുവനന്തപുരം : ന്യൂസ് ക്ലിക്കിനെതിരായ നടപടിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍ ശബ്‌ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് രീതിയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു (Pinarayi On News Click Raid- Suppressing Dissenting Voices is Fascist Method). മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാര്‍ത്താശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌ത പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചുപോന്ന വിഷയങ്ങള്‍ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദല്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനുനേരെയുള്ള പൊലീസ് നടപടി എന്ന വിമര്‍ശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ന്യൂസ് ക്ലിക്കിനെതിരായ ഡല്‍ഹി പൊലീസിന്‍റെ (Delhi Police) നടപടി പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Also Read: High Court | 'പ്രതിയല്ലാത്തയാളുടെ മൊബൈൽ എങ്ങനെ പിടിച്ചെടുക്കും ?'; മാധ്യമപ്രവർത്തകനെതിരായ പൊലീസ് നടപടിയില്‍ ഹൈക്കോടതി
കഴിഞ്ഞ ദിവസമാണ് ചൈനയില്‍ നിന്നും ധനസഹായം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ക്ലിക്കിന്‍റെ ഡല്‍ഹിയിലെ ഓഫീസിലും ജീവനക്കാരുടെ വീടുകളിലും റെയ്‌ഡ് നടന്നത്. പിന്നാലെ ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കയസ്‌തയെ (Prabir Purkayastha) അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികരിച്ച് പ്രസ്ക്ലബ് ഓഫ് ഇന്ത്യ : ന്യൂസ് ക്ലിക്കിലെ റെയ്‌ഡില്‍ പ്രതികരിച്ച് പ്രസ്ക്ലബ് ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു. മാധ്യമപ്രവർത്തകരുടേയും എഴുത്തുകാരുടേയും വീടുകളില്‍ നടക്കുന്ന റെയ്‌ഡില്‍ പ്രസ്‌ക്ലബ് ഓഫ് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രസ്ക്ലബ് ഓഫ് ഇന്ത്യ എക്‌സില്‍ (ട്വിറ്റർ) എഴുതി.
മുപ്പതിടങ്ങളില്‍ റെയ്‌ഡ് : ചൈനീസ് ഫണ്ട് കിട്ടുന്നുവെന്ന ആരോപണത്തിന്‍റെ പേരില്‍ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മുപ്പത് സ്ഥലങ്ങളിലാണ് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ റെയ്‌ഡ് നടത്തിയത്. ന്യൂസ് ക്ലിക്കിന്‍റെ ഓഫീസുകളില്‍ മാത്രമല്ല, മാധ്യമപ്രവർത്തകരുടെ വീടുകളിലും ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എഴുത്തുകാരുടെ വീടുകളിലും റെയ്‌ഡ് നടന്നു. മാധ്യമപ്രവർത്തകരുടെ വീടുകളിലെത്തിയ പൊലീസ് ഫോൺ ലാപ്‌ടോപ് എന്നിവടയക്കം പിടിച്ചെടുത്തു.
Also Read: Marunadan malayali| 'മറുനാടൻ മലയാളി'യുടെ തിരുവനന്തപുരം ഓഫിസിലും പൊലീസ് റെയ്‌ഡ്, ജീവനക്കാരുടെ വീടുകളിലും പരിശോധന
യെച്ചൂരിയുടെ വീട്ടിലും റെയ്‌ഡ് : സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ വീട്ടിലും റെയ്‌ഡ് നടന്നു. സിപിഎം ഓഫിസ് റിസപ്ഷനിലെ ജീവനക്കാരന്‍റെ മകൻ ന്യൂസ് ക്ലിക്കിൽ ഗ്രാഫിക് ആർട്ടിസ്റ്റ് ആയി ജോലി നോക്കുന്നുണ്ട്. യെച്ചൂരിയുടെ വസതിയിൽ തന്നെയാണ് ഇയാള്‍ രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്നത്. റെയ്‌ഡില്‍ ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും അടക്കം കസ്റ്റഡിയിലെടുത്തു.