തിരുവനന്തപുരം :മുന്‍പ് കറുപ്പിനെയായിരുന്നു മുഖ്യമന്ത്രിക്ക് ഭയമെങ്കില്‍ ഇപ്പോള്‍ ഖദറിനെയാണെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി പോകുന്ന സ്ഥലങ്ങളിലെല്ലാം ജനങ്ങളെ ബന്ദിയാക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ സംഘാടകനായ കോണ്‍ഗ്രസ് നേതാവ് കൃഷ്ണകുമാറിനെ ഖദര്‍ ധരിച്ചതിന്റെ പേരില്‍ പൊലീസ് കരുതല്‍ തടങ്കലിലാക്കിയ സംഭവത്തെ പരാമര്‍ശിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം.
മന്ത്രി സ്ഥാനത്തിരുന്ന് മാധ്യമം ദിനപത്രത്തിനെതിരെ കത്തെഴുതിയെന്ന് കെ.ടി ജലീല്‍ സമ്മതിച്ചതോടെ സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് വിശ്വാസ്യത വര്‍ധിച്ചു. മുഖ്യമന്ത്രി അറിയാതെയാണ് കത്തെഴുതിയതെങ്കില്‍ വിഷയത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണം. മന്ത്രി സ്ഥാനത്തിരുന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച ജലീലിനെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.