തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല സന്നിധാനത്തേയ്ക്ക് പരമ്പരാഗത കാനനപാത വഴി തീർഥാടകർക്ക് പ്രവേശനമില്ല. നീലിമല - അപ്പാച്ചിമേടു വഴിയുള്ള പ്രവേശനം വേണ്ടെന്ന് വയ്ക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിൽ തീരുമാനമായി. സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമേ തീർഥാടകരെ പ്രവേശിപ്പിക്കൂ.
ശബരിമല സന്നിധാനത്തേക്ക് പരമ്പരാഗത കാനനപാത വഴി തീർഥാടകർക്ക് പ്രവേശനമില്ല - no entry to sabarimala through forest path
സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമേ ശബരിമലയിലേക്ക് തീർഥാടകരെ പ്രവേശിപ്പിക്കുകയുള്ളുവെന്ന് കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിൽ തീരുമാനമായി.
തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണമുള്ളതിനാലും മാസ്‌ക് ഉപയോഗിച്ച് പരമ്പരാഗത കാനനപാത വഴിയുള്ള യാത്ര കഠിനമായതിനാലും സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രം പ്രവേശനം അനുവദിച്ചാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സ്വാമി അയ്യപ്പൻ റോഡ്- മരക്കൂട്ടം വഴി സന്നിധാനത്തേയ്ക്ക് എത്താം. തീർഥാടകർ വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളിൽ നിന്ന് നിലയ്ക്കലിലെത്തണം. അവിടെ ആന്‍റിജൻ പരിശോധനയ്ക്ക് ശേഷം കൊവിഡ് നെഗറ്റീവായ ഭക്തർക്ക് മല ചവിട്ടാം. പരിശോധനകൾക്കായി ആരോഗ്യ പ്രവർത്തകരുടെ പാനൽ ഉണ്ടാകും.
സന്നദ്ധ സേവനത്തിന് തയ്യാറായ ആരോഗ്യ പ്രവർത്തകരെ ദേവസ്വം ബോർഡും ആരോഗ്യ വകുപ്പും ചേർന്ന് കണ്ടെത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാർ പറഞ്ഞു. നെയ്യഭിഷേകത്തിനുള്ള നെയ്യ് പ്രത്യേക കൗണ്ടറിൽ ഏൽപ്പിച്ച് അഭിഷേകം ചെയ്‌ത നെയ്യ് വാങ്ങാം. തുലാമാസ പൂജയ്ക്കും സമാന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡല മകരവിളക്ക് കാലത്തെ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാനാണ് ഇന്ന് യോഗം ചേർന്നത്. തകർന്ന റോഡുകൾ അടിയന്തരമായി പുനർനിർമിക്കണമെന്നും ദേവസ്വം ബോർഡ് യോഗത്തിൽ ആവശ്യമുന്നയിച്ചു.