തിരുവനന്തപുരം:സംസ്ഥാനത്തെ മെഡിക്കല്‍ കോളജിലെ പി.ജി ഡോക്‌ടര്‍മാരുടെ സമരം ശക്തമായി തുടരും. വെള്ളിയാഴ്ച മുന്‍നിശ്ചയിച്ച പ്രകാരമുള്ള പ്രതിഷേധങ്ങള്‍ നടക്കും. നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്‍റുമാരുടെ നിയമനം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തത ഇല്ലെന്നാണ് പി.ജി ഡോക്‌ടര്‍മാര്‍ പറയുന്നത്.
ഉത്തരവില്‍ വ്യക്തതയില്ലെന്ന് സമരക്കാര്‍
ജോലിഭാരം കുറയ്ക്കുന്നതിനായി മെഡിക്കല്‍ കോളജുകളില്‍ റെസിഡന്‍റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സര്‍ക്കാര്‍ വ്യാഴാഴ്ച അംഗീകരിച്ചിരുന്നു. 373 നോണ്‍ റെസിഡന്‍റ് ജൂനിയര്‍ ഡോക്‌ടര്‍മാരെ താത്കാലികമായി നിയമിക്കാനുള്ള ഉത്തരവാണ് വ്യാഴാഴ്ച രാത്രി സര്‍ക്കാര്‍ ഇറക്കിയത്. ഒന്നാം വര്‍ഷ പി.ജി പ്രവേശനം വൈകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി മെഡിക്കല്‍ കോളജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്‍റുമാരെ നിയമിക്കണം എന്നതായിരുന്നു സമരക്കാരുടെ ആവശ്യം.
ALSO READ:ബക്കറ്റിലെ വെള്ളത്തില്‍ നവജാത ശിശുമരിച്ച സംഭവം: അമ്മയുടെ മൊഴി പുറത്ത്
പുതിയ ബാച്ച് എത്തുന്നതുവരെ പ്രതിമാസം 45,000 രൂപ വേതനം നല്‍കിയാണ് താത്കാലിക നിയമനം. എന്നാല്‍, ഉത്തരവില്‍ വ്യക്തതയില്ലെന്നാണ് സമരക്കാരുടെ നിലപാട്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജ് തയറാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. മന്ത്രി ചര്‍ച്ചയ്ക്ക് തയാറായില്ലെങ്കില്‍ അടിയന്തര സേവനമടക്കം നിര്‍ത്തി സമരം ശക്തമാക്കുമെന്നാണ് ഡോക്‌ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്‌കരണ സമരം 24 മണിക്കൂര്‍ കൂടി നീട്ടിവയ്ക്കും.