തിരുവനന്തപുരം: പെരിങ്ങമലയില്‍ മാലിന്യ പ്ലാന്‍റ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ തിരുമാനത്തിനെതിരെ വീണ്ടും സമരം ശക്തമാക്കി ജനകീയ സമരസമിതി. പ്ലാന്‍റിനെതിരെയുള്ള സമരം ആരംഭിച്ച് ഒരു വര്‍ഷം തികഞ്ഞതിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നില്‍ കാവല്‍ സത്യാഗ്രഹം സംഘടിപ്പിച്ചാണ് പ്ലാന്‍റിനെതിരെയുള്ള പോരാട്ടം സമര സമിതി ശക്തമാക്കിയിരിക്കുന്നത്.
പെരിങ്ങമല മാലിന്യ പ്ലാന്‍റ് സമരത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ കാവല്‍ സത്യാഗ്രഹം - sugathakumari
കവയത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്‌ത സമരത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിസംബോധന ചെയ്‌ത് സംസാരിച്ചു
കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ നിരവധി പേരാണ് നാടും കാടും ജൈവ വൈവിധ്യങ്ങളും തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ അണിനിരന്നത്. കവയത്രി സുഗതകുമാരി സമരം ഉദ്ഘാടനം ചെയ്തു. മാലിന്യ പ്ലാന്‍റ് പരിസ്ഥിതിലോല പ്രദേശമായ പെരിങ്ങമലയില്‍ സ്ഥാപിക്കാനുള്ള തിരുമാനത്തില്‍ വീണ്ടുവിചാരമുണ്ടായി പദ്ധതിയില്‍ നിന്നും തദ്ദേശ വകുപ്പ് പിന്‍മാറണമെന്ന് സമരത്തെ അഭിസംബോധന ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍ അടക്കം നിരവധി നേതാക്കള്‍ ഐക്യദാര്‍ഢ്യവുമായി സമര വേദിയില്‍ എത്തി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 30ന് ജനകീയ സമരസമിതി ആരംഭിച്ച സമരം ഞായറാഴ്‌ചയാണ് ഒരു വര്‍ഷം പിന്നിട്ടത്.