തിരുവനന്തപുരം:ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാൻ അരിയാഹാരത്തിനെതിരെ സർക്കാർ പ്രചാരണത്തിനിറങ്ങണമെന്ന വിചിത്രനിർദേശവുമായി പി.സി.ജോർജ് നിയമസഭയിൽ. എന്നാൽ മലയാളിയുടെ പരമ്പരാഗതശീലങ്ങൾ എത്രയും വേഗം മാറ്റണമെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. പി.സി.ജോര്‍ജിന്‍റെ വയറ് കണ്ടാൽ അരിയാഹാരം കഴിക്കാത്തയാളെന്ന് ആരും പറയില്ലെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം സഭയിൽ ചിരി പടർത്തി. താൻ ചെയ്യുന്നത് പോലെ ചോറ് കുറച്ച്, കൂടുതൽ കറികൾ കഴിച്ചാൽ തടി കുറക്കാമെന്ന ഒറ്റമൂലിയും രമേശ് ചെന്നിത്തല പി.സി.ജോർജിന് നൽകി.
അരിയാഹാരത്തിനെതിരെ സർക്കാർ പ്രചാരണത്തിനിറങ്ങണമെന്ന് പി.സി.ജോർജ്
സമൂഹത്തിന്‍റെ പരമ്പരാഗതഭക്ഷണരീതി പെട്ടെന്ന് മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും
സിഎഎ, സെൻസസ് എന്നിവയുമായി ബന്ധപ്പെട്ട ഗൗരവതരമായ പ്രശ്‌നങ്ങളിലൂടെ ചോദ്യോത്തരവേള നീങ്ങുന്നതിനിടെയാണ് അരിയാഹാരം നിയന്ത്രിക്കണമെന്ന ആവശ്യവുമായി പി.സി.ജോർജ് രംഗത്ത് വന്നത്. അരിയാഹാരമാണ് ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നാണ് എംഎല്‍എയുടെ വിലയിരുത്തൽ. അതിനാൽ രാവിലെ ഇഡലി ഒഴിവാക്കി പൂരിയും മസാലയുമാണ് കഴിച്ചതെന്ന് പി.സി.ജോർജ് പറഞ്ഞു. പി.സി.ജോര്‍ജിന്‍റെ കുടവയർ ചൂണ്ടിക്കാട്ടി അംഗങ്ങളുടെ കമന്‍റ് കൂടിയെത്തിയതോടെ ഇരുന്ന് കൊണ്ടുള്ള ദീർഘനേരത്തെ പ്രയത്നവും യാത്രയുമാണ് തന്‍റെ കുടവയറിന് കാരണമെന്ന് ജോര്‍ജ് മറുപടി പറഞ്ഞു. എന്നാൽ ഒരു സമൂഹത്തിന്‍റെ പരമ്പരാഗതഭക്ഷണരീതി പെട്ടെന്ന് മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കി.