തിരുവനന്തപുരം:മെഡിക്കല്‍ കോളജില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി പരാതി. തിരുവനന്തപുരം പേരൂര്‍ക്കട മണികണ്ഡേശ്വരം സ്വദേശി വിജയകുമാരിയുടെ (60) മരണത്തിലാണ് ആശുപത്രിയ്ക്ക് എതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ജൂൺ 28ന് രാത്രി 9.30നാണ് നെഞ്ച് വേദനയെ തുടര്‍ന്ന് വിജയകുമാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
കൊവിഡ് വന്ന് മാറിയതിനെ തുടര്‍ന്ന് കാര്‍ഡിയോളജി വിഭാഗത്തില്‍ ഇവര്‍ നേരത്തെ ചികിത്സയിലായിരുന്നു. കാഷ്വാലിറ്റിയില്‍ എത്തിച്ച വിജയകുമാരിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ കാണിച്ചിട്ടും പ്രാഥമിക ചികിത്സ നല്‍കിയില്ലെന്ന് വിജയകുമാരിയുടെ മകന്‍ നിധീഷ് ഇടിവി ഭാരതിനോട് പറഞ്ഞു.
Also Read:മലപ്പുറത്ത് ഭാര്യയേയും കുട്ടികളെയും വീട്ടിൽ നിന്ന് അടിച്ചിറക്കി; ഭർത്താവ് പിടിയിൽ
ഈ സമയം ഡ്യൂട്ടി ഡോക്‌ടര്‍മാര്‍ ആരും ഉണ്ടായിരുന്നില്ലെന്നും പല തവണ പോയി പറഞ്ഞിട്ടും യാതൊരു ചികിത്സയും നല്‍കിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ദേഷ്യപ്പെട്ടപ്പോഴാണ് ഒരു ഡോക്‌ടര്‍ വന്ന് നോക്കിയത്. ഇന്‍ജക്ഷന്‍ നല്‍കിയിട്ടും വേദനയ്ക്ക് കുറവുണ്ടായില്ല. വെളുക്കുന്നത് വരെ അമ്മ വേദന എടുത്തു പുളഞ്ഞു. ആരും തിരിഞ്ഞു നോക്കിയില്ല. അവസാനം രാവിലെ 8മണിക്ക് ഡ്യൂട്ടി ഡോക്‌ടര്‍ വന്നപ്പോഴാണ് കാര്‍ഡിയോളജിലേക്ക് മാറ്റിയതെന്നും നിധീഷ് പറഞ്ഞു.
അപ്പോഴേയ്ക്കും അമ്മ ബോധരഹിതയായെന്നും രണ്ട് മണിയോടെ മരണപ്പെട്ടെന്നും നിധീഷ് കൂട്ടിച്ചേർത്തു. ആശുപത്രിയുടെയും ഡോക്‌ടര്‍മാരുടെയും അനാസ്ഥയ്‌ക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കി. ഇതാദ്യമായല്ല തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ സമാന പരാതികള്‍ ഉയരുന്നത്.