തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജിന്‍റെ മരണം കൊലപാതകം. ചോദ്യം ചെയ്യലിൽ പെൺസുഹൃത്ത് ഗ്രീഷ്‌മ കുറ്റം സമ്മതിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്‌മ കുറ്റം സമ്മതിച്ചത്.
ഷാരോണിനെ കൊന്നത് കൂട്ടുകാരി ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ ഇന്ന് രാവിലെ മുതൽ പെൺകുട്ടിയെയും കുടുംബത്തെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയായിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് കഷായത്തിൽ വിഷം കലർത്തി യുവാവിനെ കൊല്ലുകയായിരുന്നുവെന്ന് പെൺകുട്ടി സമ്മതിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ നിശ്ചയിച്ച മറ്റൊരു വിവാഹത്തിന് വേണ്ടിയാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്‌തതെന്ന് പെൺകുട്ടി മൊഴി നൽകി.
കൂടുതല്‍ അന്വേഷണം, കൂടുതല്‍ ചോദ്യം ചെയ്യല്‍:സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. പെൺകുട്ടിയെയും മാതാപിതാക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തുവരികയാണ്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു. എഡിജിപി എം.ആര്‍ അജിത് കുമാർ ഉടന്‍ റൂറൽ എസ്‌പി ഓഫിസിലെത്തി പെൺകുട്ടിയെ നേരിട്ട് ചോദ്യം ചെയ്യും.
പെൺകുട്ടി കുറ്റം സമ്മതിച്ച സാഹചര്യത്തിൽ കഷായം എവിടെ നിന്നു വാങ്ങി, കുപ്പി എവിടെ ഉപേക്ഷിച്ചു എന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. കോപ്പർ സൾഫേറ്റ് എന്ന വിഷാംശമാണ് ഷാരോൺ രാജിന്‍റെ ശരീരത്തിനുള്ളിൽ ചെന്നതെന്ന് പോസ്റ്റ്‌മോർട്ടം ചെയ്‌ത ഡോക്‌ടറും മൊഴി നൽകിയിരുന്നു.
കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമൻചിറയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്നാണ് ആരോപണം.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്‌ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാൽ, മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
Also Read: ഷാരോൺ രാജിന്‍റെ ദുരൂഹ മരണം: പ്രത്യേക അന്വേഷണസംഘം ഇന്ന് അന്വേഷണം ആരംഭിക്കും