തിരുവനന്തപുരം: കോട്ടയത്ത് സംരംഭകന്‍ ഷാജിമോന്‍റെ പരാതിയില്‍ നേരിട്ട് ഇടപെട്ടുവെന്ന് വ്യവസായ മന്ത്രി പി രാജീവ് (P Rajeev directly intervened in Shajimon's complaint). സംഭവം അറിഞ്ഞയുടന്‍ ഓഫിസും താനും നേരിട്ടും ഇതില്‍ ഇടപെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷം താന്‍ തന്നെ ഉദ്ഘാടനത്തിന് എത്തണമെന്ന് ഷാജിമോന്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. 'പഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ കിട്ടുന്നില്ലെന്നായിരുന്നു പ്രശ്‌നം.
50 കോടി രൂപ വരെയുള്ള സംരംഭങ്ങള്‍ കെഎസ്എഫ്‌ഡിസി വഴി രജിസ്റ്റര്‍ ചെയ്‌ത നമ്പര്‍ കാണിക്കണമെന്ന ചട്ടമുണ്ടായിരുന്നു. അദ്ദേഹം പരാതിയായി ഉന്നയിച്ചപ്പോള്‍ താത്കാലിക രജിസ്‌ട്രേഷന്‍ വെച്ച കെട്ടിട നമ്പര്‍ നല്‍കാന്‍ സൗകര്യമുണ്ടാക്കുന്ന രീതിയില്‍ ചട്ടം തന്നെ ഭേദഗതി ചെയ്‌ത നവംബര്‍ 1 ന് ഉത്തവിറക്കിയിരുന്നു. മൂന്ന് വര്‍ഷത്തേക്ക് താത്കാലിക നമ്പര്‍ ഉപയോഗിച്ച് അദ്ദേഹത്തിന് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാം. പ്രത്യേക സാഹചര്യത്തിലാണ് അദ്ദേഹം സമരത്തിലേക്ക് പോയത്. അതിനെ കുറ്റം പറയുന്നില്ല.
ഒരാള്‍ക്ക് പരാതിയുണ്ടെങ്കില്‍ അതിന്‍റെ പരിഹാരത്തിനായി നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കമ്മറ്റി രുപീകരിച്ചിട്ടുണ്ട്. അതിന് നിയമസഭ തന്നെ നിയമം പാസാക്കിയിട്ടുണ്ട്. പല സംരംഭകരും ആ സംവിധാനം ഉപയോഗിക്കുന്നില്ല. അങ്ങനെ പരാതി നല്‍കിയാല്‍ 30 ദിവസത്തിനകം നടപടിയെടുക്കണം. 15 ദിവസത്തിനകം ഫയല്‍ നീക്കം ആരംഭിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന സാഹചര്യമുണ്ട്. എല്ലാ ഉദ്യോഗസ്ഥരും ഒറ്റയടിക്ക് മാറിയെന്ന് പറയാന്‍ കഴിയില്ല. അത് പരിഹരിക്കാനുള്ള ശ്രമം തുടരുന്നു.
ഈ സംവിധാനങ്ങളൊക്കെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന് സഹായകമാണ്. പുതിയ സംരംഭകര്‍ ഇന്ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാകും കാണുക. യഥാര്‍ഥത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്' -പി രാജീവ് പറഞ്ഞു. കേരളീയം വേദിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ എത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പല പ്രധാനപ്പെട്ട ആളുകളും എത്തിയത് അന്വേഷിച്ചിരുന്നുവെങ്കില്‍ കാണാമായിരുന്നുവെന്ന് പി രാജീവ് പറഞ്ഞു.