തിരുവനന്തപുരം :കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ഷഫീറിന്‍റെ വെളിപ്പെടുത്തലില്‍ നിന്ന് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ രാഷ്‌ട്രീയ വേട്ടയാടല്‍ നടന്നുവെന്ന് വ്യക്തമായതായി പി ജയരാജന്‍. അന്നത്തെ ആഭ്യന്തര മന്ത്രിയെ ഭീഷണിപ്പെടുത്തിയാണ് കെ.സുധാകരന്‍ തന്നെയും ടി.വി.രാജേഷിനെയും പ്രതി ചേര്‍ത്തതെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രസംഗിച്ചത്.
രാഷ്‌ട്രീയ വൈരാഗ്യത്തിന്‍റെ പേരില്‍ നിരപരാധികളെ പ്രതി ചേര്‍ക്കുകയാണ് ഉണ്ടായത്. ഈ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. പൊലീസിനെയും പിന്നീട് അന്വേഷിക്കാന്‍ വന്ന സിബിഐയേയും സുധാകരന്‍ സ്വാധീനിച്ചിട്ടുണ്ട്. സുധാകരന്‍ ഡല്‍ഹിയില്‍ പോയി സിബിഐയെ സ്വാധീനിച്ചാണ് ജയരാജനെതിരെ കുറ്റപത്രം നല്‍കിയതെന്നാണ് ബി.ആര്‍.എം.ഷഫീര്‍ പറഞ്ഞത്.
കേസ് നടന്ന 2018ല്‍ കേന്ദ്രം ഭരിച്ചിരുന്നത് ബിജെപിയാണ്. അന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ സ്വാധീനിക്കുകയാണ് സുധാകരന്‍ ചെയ്‌തത്. ആര്‍.എസ്.എസ് ശാഖയ്‌ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന് പ്രസംഗിച്ച സുധാകരന്‍റെ ആര്‍.എസ്.എസ് ജൈവബന്ധം വെളിപ്പെടുകയാണ്. അരിയില്‍ കേസില്‍ കുറ്റകൃത്യം നടക്കാന്‍ പോകുന്നത് അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന വകുപ്പാണ് തനിക്കും രാജേഷിനുമെതിരെ ചുമത്തിയത്.
പൊലീസിനേയും സിബിഐയേയും സ്വാധീനിച്ചാണ് സുധാകരന്‍ ഈ രാഷ്‌ട്രീയ വേട്ട നടത്തിയത്. നിരപരാധിയായ ഒരാളെ കൊലക്കേസില്‍ പെടുത്താനാണ് ശ്രമിച്ചത്. അത്തരത്തില്‍ തെളിവില്ലാത്ത കേസിൽ, സ്വാധീനിച്ചതിന്‍റെ പേരില്‍ കൃത്രിമമായ തെളിവുണ്ടാക്കി ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ അതേയാള്‍ ശിക്ഷിക്കപെടണമെന്നാണ് 195 ആം വകുപ്പില്‍ പറയുന്നത്.
കേസ് പുനരന്വേഷണം നടത്തണം :അതനുസരിച്ച് സുധാകരന്‍ ശിക്ഷിക്കപ്പെടണം. സിബിഐ കേസ് പുനരന്വേഷണം നടത്തണം. അതിനായി എല്ലാ നിയമ നടപടിയും സ്വീകരിക്കും. കോണ്‍ഗ്രസിന്‍റെ വൃത്തികെട്ട മുഖമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇത് പൊതുസമൂഹം മനസിലാക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.