തിരുവനന്തപുരം: ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്ത് ജനസംഖ്യയുടെ 75 ശതമാനം പേര്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ (Covid Vaccination) പൂര്‍ത്തിയാക്കിയതായി ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജനസംഖ്യയുടെ 97.33 ശതമാനം പേര്‍ക്ക് (2.60 കോടി) ആദ്യ ഡോസ് വാക്‌സിനും 75 ശതമാനം പേര്‍ക്ക് (20032229) രണ്ടാം ഡോസ് വാക്‌സിനും നല്‍കി.
ഇത് ദേശീയ ശരാശരിയെക്കാള്‍ വളരെ കൂടുതലാണ്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 88.33 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 58.98 ശതമാനവുമാണ്.
ഒമിക്രോണ്‍ ജാഗ്രത
സംസ്ഥാനത്ത് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മൂക്കും വായും മൂടത്തക്ക വിധം ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുകയും ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയും ചെയ്യുക. ഇതോടൊപ്പം വാക്‌സിനെടുക്കുക എന്നതും പ്രധാനമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് 10 ലക്ഷത്തോളം കൊവിഡ് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.