തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ രണ്ട് വകുപ്പ് മേധാവിമാരായ ഡോക്‌ടർമാരെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയില്‍ പ്രതിഷേധവുമായി മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടന. ഡോക്‌ടര്‍മാരെ ബലിയാടാക്കുന്ന നടപടിയാണ് സര്‍ക്കാരിന്‍റേതെന്ന് കെ.ജി.എം.സി.ടി.എ കുറ്റപ്പെടുത്തി.
സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സംഘടന അറിയിച്ചു. യൂറോളജി വിഭാഗം തലവന്‍റെയും നെഫ്രൊളജി വിഭാഗം സീനിയര്‍ ഡോക്‌ടര്‍മാരുടെയും നേത്രത്വത്തില്‍ പരമാവധി ചികില്‍സ നല്‍കിയിട്ടും രോഗി നിര്‍ഭാഗ്യവശാല്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ വിശദമായ ഒരു അന്വേഷണവും നടത്താതെ ചികില്‍സയ്ക്കു മുന്‍കൈയെടുത്ത വകുപ്പ് മേധാവികളെ സസ്‌പെൻഡ് ചെയ്യുകയാണ് ഉണ്ടായത്.