തിരുവനന്തപുരം :നിയമസഭ നടപടിക്രമങ്ങൾ സംപ്രേഷണം ചെയ്യുന്ന സഭ ടിവി പൂർണമായും ബഹിഷ്‌കരിക്കാൻ പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷ പ്രതിഷേധങ്ങൾ സംപ്രേഷണം ചെയ്യാത്ത സഭ ടിവിയുടെ നടപടിയെ തുടർന്നാണിത്. ഇതിന്‍റെ ഭാഗമായി ചാനല്‍ കമ്മിറ്റിയിൽ നിന്ന് പ്രതിപക്ഷ എംഎൽഎമാർ രാജിവച്ചു.
ദൃശ്യങ്ങളിലില്ലെങ്കില്‍ കമ്മിറ്റിയിലും ഇല്ല:ആബിദ് ഹുസൈൻ തങ്ങൾ, എം.വിൻസെൻ്റ്, മോൻസ് ജോസഫ്, റോജി എം ജോൺ എന്നിവരാണ് രാജിവച്ചത്. പ്രതിഷേധങ്ങൾ സംപ്രേഷണം ചെയ്യാത്തത് സംബന്ധിച്ച് സ്‌പീക്കർക്ക് പ്രതിപക്ഷം പരാതി നൽകിയിരുന്നു. എന്നാൽ സ്‌പീക്കറുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനാലാണ് ബഹിഷ്‌കരണത്തിലേക്ക് നീങ്ങാന്‍ പ്രതിപക്ഷം തീരുമാനിച്ചത്.
ഇന്ന് നിയമസഭയ്ക്കുള്ളിലും പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. നിയമസഭയ്ക്കുള്ളിൽ വീഡിയോ എടുക്കാൻ പാടില്ല എന്ന ചട്ടം പ്രതിപക്ഷം പാലിക്കുന്നില്ലെന്നും സമാന്തര സഭയടക്കം നടത്തി ദൃശ്യങ്ങൾ എടുത്ത് പുറത്തുവിടുകയാണെന്നും സ്‌പീക്കർ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് സഭ ടിവിയുടെ നടപടിയെ വിമർശിച്ചത്.
പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പോലും മന്ത്രിമാരുടെ മുഖമാണ് സഭ ടിവിയില്‍ കാണിക്കുന്നത്. ഭരണകക്ഷിക്ക് വേണ്ടി ഏകപക്ഷീയമായി മാത്രമാണ് സഭ ടിവി പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജനങ്ങളില്‍ തെറ്റിദ്ധാണ വരാതിരിക്കാൻ വീഡിയോ പുറത്തുവിടുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഇതിനുപിന്നാലെയാണ് സഭ ടിവി കമ്മിറ്റിയിൽ നിന്ന് പ്രതിപക്ഷ എംഎൽഎമാർ രാജിവച്ചത്. ലോക്‌സഭ ടിവിയുടെ മാതൃകയിലാണ് സഭ ടിവി പ്രവർത്തിക്കുന്നതെന്നും അതില്‍ കാണിക്കാറില്ലാത്തതുകൊണ്ടാണ് ഇവിടെയും അങ്ങനെതന്നെയെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
വിമര്‍ശനം മുമ്പും: തങ്ങളുടെ പ്രതിഷേധം ഒഴിവാക്കിയുള്ള സഭ ടിവി സംപ്രേഷണത്തിനെതിരെ പ്രതിപക്ഷം മുമ്പും ശബ്‌ദമുയര്‍ത്തിയിരുന്നു. സംസ്ഥാന ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ അധിക നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ ചൊല്ലി ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിനിടയിലായിരുന്നു ഈ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്‍റെ സന്‍സദ് ടിവിയുടെ അതേ മാതൃകയിലാണ് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കിയുള്ള സഭ ടിവിയുടെ സംപ്രേഷണമെന്ന് പ്രതിപക്ഷം അന്നേ വിമര്‍ശിച്ചിരുന്നു. മാത്രമല്ല ഇങ്ങനെയാണെങ്കില്‍ സഭ ടിവിയുമായി സഹകരിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് ആലോചിക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുമ്പ് പ്രസ് ഗ്യാലറിയില്‍ ചോദ്യോത്തര വേള തത്സമയം പകര്‍ത്താന്‍ ചാനല്‍ ക്യാമറകളെയും പത്ര ഫോട്ടോഗ്രാഫര്‍മാരെയും അനുവദിച്ചിരുന്നെങ്കിലും കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇത് നിര്‍ത്തിയിരുന്നു. തുടര്‍ന്ന് സഭ ടിവി ഈ ദൃശ്യങ്ങളെടുത്ത് ചാനലുകള്‍ക്ക് നല്‍കുന്ന രീതിയാണ് തുടര്‍ന്നിരുന്നത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കിയിട്ടും മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരുന്നുവെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് സ്‌പീക്കര്‍ക്ക് കത്തയക്കുകയും ചെയ്‌തിരുന്നു.
കത്തില്‍ എന്തായിരുന്നു :നിയമസഭയിലെ ദൃശ്യങ്ങൾ പകർത്തുന്നതിന് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്‌പീക്കര്‍ക്ക് കത്തയച്ചത്. കൊവിഡ് പ്രതിസന്ധി അവസാനിച്ച് പ്രോട്ടോക്കോൾ റദ്ദാക്കിയിട്ടും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിച്ചിട്ടില്ലെന്ന് കത്തിലൂടെ വി.ഡി സതീശൻ സ്‌പീക്കറെ അറിയിച്ചു. ഈ മാധ്യമ വിലക്ക് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, പ്രതിപക്ഷത്തിന്‍റെ പ്രതിഷേധങ്ങള്‍ പുറത്തുവിടാതെ സഭ ടിവി ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയിരിക്കുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
നിയമസഭയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് നിയമസഭയുടെ അന്തസ്സ് ഇടിച്ച് താഴ്ത്തുന്നതാണ്. ഇത് മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച തെറ്റായ സന്ദേശം നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ എല്ലാ അംഗീകൃത ദൃശ്യ മാധ്യമ ചാനലുകള്‍ക്കും ചോദ്യോത്തരവേളയുടെ തത്സമയം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനുള്ള അനുവാദം പുനസ്ഥാപിച്ചുനൽകണമെന്ന് വി.ഡി സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.