തിരുവനന്തപുരം: സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ ഐ ക്യാമറകൾ വഴി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങുന്ന ജൂൺ അഞ്ച് തിങ്കളാഴ്‌ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്. വൈകിട്ട് നാല് മണിക്ക് 726 എ ഐ ക്യാമറകൾക്ക് മുന്നിലും കോൺഗ്രസ് പ്രവർത്തകർ ധർണ സംഘടിപ്പിക്കുമെന്നും കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്‌ണൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിച്ചുവെന്ന് പ്രതിപക്ഷം: സംസ്ഥാന വ്യാപക പ്രതിഷേധങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കണ്ണൂരിൽ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എ ഐ ക്യാമറ പദ്ധതിയിലെ അഴിമതിയിൽ തെളിവുകൾ നിരത്തി പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ വിമുഖത കാട്ടുകയാണെന്നും ടി യു രാധാകൃഷ്‌ണൻ അറിയിച്ചു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്ഥാപിക്കാൻ കെൽട്രോൺ എസ്ആർഐടി എന്ന കമ്പനിക്കാണ് കരാർ നൽകിയത്.
58 കോടിക്ക് തീരേണ്ട പദ്ധതിയാണ് 152 കോടിയും പിന്നീട് 232 കോടിയുമായി ഉയർന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. എസ്ആർഐടി കറക്കു കമ്പനികൾക്ക് ഉപകരാർ നൽകിയതിൽ അഴിമതി ഉണ്ടെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, ഇത് സംബന്ധിച്ച ആരോപണങ്ങൾ കെട്ടടങ്ങിയിട്ടില്ലെങ്കിലും എ ഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ജൂൺ അഞ്ച് തിങ്കളാഴ്‌ച മുതൽ പിഴ ഈടാക്കാനുള്ള തയ്യാറെടുപ്പിലാണ് ഗതാഗത വകുപ്പ്.
എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് കെൽട്രോൺ ആണ് പിഴ ഈടാക്കാനുള്ള നോട്ടിസ് തയാറാക്കുന്നത്. എന്നാൽ, പിഴ അയക്കാനുള്ള അന്തിമ അംഗീകാരം നൽകുന്നത് ആർടിഒയാണ്. നിർമിത ബുദ്ധി കാമറകൾ സ്ഥാപിച്ചതിന് ശേഷം പ്രതിദിനം ശരാശരി രണ്ടര ലക്ഷം നിയമലംഘനങ്ങളാണ് നടക്കുന്നത്.
ഇതുവരെ നടന്നത് നാല് ലക്ഷത്തോളം നിയമലംഘനങ്ങള്‍:എന്നാൽ, പദ്ധതി പ്രഖ്യാപിക്കുമ്പോൾ നാല് ലക്ഷത്തോളം നിയമലംഘനങ്ങളാണ് ഉണ്ടായിരുന്നത്. ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കി തുടങ്ങുമ്പോൾ നിയമലംഘനങ്ങൾ ഇനിയും കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ചുവപ്പ് സിഗ്നൽ ലംഘനം ഉൾപെടെ പ്രധാനമായും ഏഴ് നിയമലംഘനങ്ങളാണ് എഐ ക്യാമറ വഴി കണ്ടെത്തുന്നത്.
ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നതിന് പിഴ 500 രൂപ, ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നതിന് പിഴ 500 രൂപ, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേര്‍ ഒരേസമയം യാത്ര ചെയ്യുന്നതിന് പിഴ 1000 രൂപ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് പിഴ 2000 രൂപ, നാലുചക്ര വാഹനങ്ങളിൽ സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്‌താൽ പിഴ 500 രൂപ, അമിത വേഗതയിൽ യാത്ര ചെയ്യുന്നതിന് പിഴ 1500 രൂപ, അനധികൃത പാർക്കിങ്ങിന് 250 രൂപയുമാണ് പിഴ.
നിലവില്‍ എ ഐ ക്യാമറകള്‍ വഴി പ്രതിദിനം രണ്ട് ലക്ഷത്തോളം നിയമലംഘനങ്ങളാണ് കണ്ടെത്തുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഏപ്രില്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം നിര്‍വഹിച്ച പദ്ധതിയില്‍ പിഴ ഈടാക്കുന്നത് മെയ് 20ലേക്ക് മാറ്റുകയായിരുന്നു. പദ്ധതി ചെലവ് സംബന്ധിച്ച അഴിമതി ആരോപണങ്ങള്‍ രൂക്ഷമായതോടെയാണ് ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കാന്‍ ഗതാഗത മന്ത്രി ആന്‍റണി രാജു നിര്‍ദേശം നല്‍കിയത്.