തിരുവനന്തപുരം:ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട ചോദ്യമുന്നയിക്കാതെ പ്രതിപക്ഷം. ചോദ്യോത്തരവേളയില്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യം നമ്പര്‍ 303 ആയി പ്രതിപക്ഷം ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട ചോദ്യമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചിരുന്നത്. പ്രതിപക്ഷ എം.എല്‍.എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, സനീഷ്‌കുമാര്‍ ജോസഫ് എന്നിവരായിരുന്നു ചോദ്യം ഉന്നയിച്ചിരുന്നത്.
എന്നാല്‍ ഇതേ വിഷയത്തില്‍ പ്രതിപക്ഷം റൂള്‍ 50 പ്രകാരം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയ സാഹചര്യത്തിലാണ് ചോദ്യം പ്രതിപക്ഷം ഉന്നയിക്കാതിരുന്നത്. കഴിഞ്ഞ ദിവസം ചോദ്യോത്തരത്തില്‍ വന്ന വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കുന്നതിന് സ്‌പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. അതിനാലാണ് പ്രതിപക്ഷം ഇത്തരമൊരു നിലപാടെടുത്തത്. ചോദ്യം ഉന്നയിച്ച അംഗങ്ങള്‍ ചോദ്യം പരിഗണിക്കുന്ന സമയത്ത് സമ്മേളന നടപടികളില്‍ പങ്കെടുത്തില്ല. ഇതിനാല്‍ ചോദ്യം ഒഴിവാക്കുകയാണെന്ന് സ്‌പീക്കര്‍ സഭയെ അറിയിച്ചു.
ചോദ്യം ഇങ്ങനെ:*പ്രമുഖ രാഷ്‌ട്രീയ പാർട്ടിയുടെ യുവജന ഘടകം മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ആയിരുന്ന എടയന്നൂർ ഷുഹൈബ് വധക്കേസില്‍ ഏതെങ്കിലും പാർട്ടിക്ക് പങ്കുണ്ടെന്ന് കേസിലെ ഒന്നാം പ്രതി വെളിപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ?
* കൊലപാതകത്തിന് ഉത്തരവാദികളായവർ പാർട്ടിക്ക് അകത്തുണ്ടെന്ന് ഒന്നാം പ്രതിയുടെ വെളിപ്പെടുത്തൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ?
* കൊലപാതകത്തിന് ഉത്തരവാദികളായവർ പാർട്ടിക്ക് അകത്തുണ്ടെന്ന് ഒന്നാംപ്രതിയുടെ വെളിപ്പെടുത്തൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, എങ്കിൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ട് എന്ന് അറിയിക്കാമോ?* പ്രസ്‌തുത കേസിന്റെ അന്വേഷണ പുരോഗതി വിശദമാക്കാമോ?
അതേ സമയം ഷുഹൈബ് വധത്തിൽ പ്രതിപക്ഷം സഭയിൽ ഉന്നയിച്ച അടിയന്തര പ്രമേയം സ്‌പീക്കർ തള്ളിയതിനെ തുടർന്ന് വലിയ കോലാഹലമാണ് സഭയിൽ ഉണ്ടായത്. അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോവുകയും ചെയ്‌തു.
എടയന്നൂര്‍ ഷുഹൈബ് വധം:2018 ഫെബ്രുവരി 13നാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂര്‍ ഷുഹൈബ് കൊല്ലപ്പെട്ടത്. തട്ടുകടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ബോംബ് എറിഞ്ഞ ശേഷം ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ഷുഹൈബിന്‍റെ കൊലപാതകം.
ഷുഹൈബിന്‍റെ ശരീരത്തില്‍ നിരവധി തവണ വെട്ടേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഷുഹൈബ് വധക്കേസില്‍ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയുടെ പ്രതികരണം വന്നതിന് പിന്നാലെയാണ് കേസ് ഏറെ ചര്‍ച്ചയായത്. പാര്‍ട്ടിയ്‌ക്ക് വേണ്ടി നടത്തിയ കൊലപാതകമാണ് എന്ന തരത്തില്‍ ആകാശ് ഫേസ്‌ബുക്കില്‍ കുറിപ്പ് പങ്കുവയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തു വന്നു.
നിയമസഭയെ പിടിച്ച് കുലുക്കി ഷുഹൈബ് വധക്കേസ്: പ്രതികളെ രക്ഷിക്കാന്‍ സിപിഎം ഇടപെടല്‍ നടത്തുന്നു എന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു എന്നും വുമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയം നിയമസഭയിലും കത്തിനില്‍ക്കുകയാണിപ്പോള്‍. കേസിലെ 11 പ്രതികളും സിപിഎമ്മിന്‍റെ ക്വട്ടേഷൻ സംഘത്തില്‍ പെട്ടവരാണെന്ന് ടി സിദ്ദീഖ് എംഎല്‍എ ആരോപിച്ചു. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം വേണമെന്നും നിയമസഭയില്‍ ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാല്‍ കേസില്‍ അന്വേഷണം നീതിപൂര്‍ണമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്. കേസിലെ ഗൂഢാലോചനയും പൊലീസ് അന്വേഷിച്ച് വരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേസില്‍ പ്രതികളാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ആകാശിനും ജിജോയ്‌ക്കും എതിരെ കാപ്പ ചുമത്തിയത്. കേസ് ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും സിബിഐ അന്വേഷണത്തെ എതിര്‍ത്തത് പ്രതികളെ സംരക്ഷിക്കാനല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.