സംസ്ഥാന സര്‍ക്കാറിന്‍റെ ബജറ്റിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്‍റെ ബജറ്റിനെതിരെ പ്രതിഷേധം ശക്തം. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹിക സുരക്ഷ സെസ് ഏര്‍പ്പെടുത്തിയതിലും നികുതിവര്‍ധന മുന്നോട്ടുവച്ചതിലും പ്രതിഷേധിച്ച് യുവമോർച്ചയും യൂത്ത് കോൺഗ്രസും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
തുടർന്ന് പ്രവർത്തകർ ബസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ യൂത്ത് കോൺഗ്രസും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.
പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തൊട്ടുപിന്നാലെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലും മാർച്ച് നടന്നു. ഡി.സി.സി. അധ്യക്ഷൻ പാലോട് രവി മാർച്ച് ഉദ്ഘാടനം ചെയ്‌തു.
പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തുമെന്നാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. ഇതിലൂടെ സാമൂഹ്യസുരക്ഷ സീഡ് ഫണ്ടിലേയ്ക്ക് അധികമായി 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഉയരുന്ന ഇന്ധന വിലയ്‌ക്കൊപ്പം സുരക്ഷ സെസ് കൂടി ചേര്‍ന്നാല്‍ വീണ്ടും സാധാരണക്കാർ വലയുമെന്നുറപ്പാണ്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രൂക്ഷ വിമർശനമാണ് സംസ്ഥാന ബജറ്റിനെതിരെ ഉന്നയിച്ചത്. സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് അശാസ്ത്രീയ നികുതി വർധനയാണ് ബജറ്റിൽ ഏർപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 4,000 കോടി രൂപയുടെ അശാസ്ത്രീയ നികുതി വർധനയാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്.
പെട്രോളിനും ഡീസലിനും കേന്ദ്രം വൻതോതിൽ വില വർധിപ്പിക്കുന്നതിനെതിരെ മുറവിളി ഉയരുമ്പോഴാണ് കൂടുതൽ ആഘാതമേൽപ്പിച്ച് ഇന്ധനങ്ങള്‍ക്ക് 2 രൂപ സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.