തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരവനന്തപുരം കോര്‍പറേഷനില്‍ ഇന്നും പ്രതിഷേധം ശക്തമായി തുടരും. ബിജെപി, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇന്നും സമരം തുടരാനുള്ള തീരുമാനത്തിലാണ്. നഗരസഭയ്ക്ക് മുന്നില്‍ യുഡിഎഫ് ജില്ല കമ്മറ്റി ഇന്ന് സത്യഗ്രഹം നടത്തും.
മേയര്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് സത്യഗ്രഹം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സത്യഗ്രഹം ഉദ്‌ഘാടനം ചെയ്യും. വിഷയത്തില്‍ ബിജെപിയും ശക്തമായ സമരവുമായി മുന്നോട്ട് പോകുകയാണ്.
ഇന്ന് കോര്‍പറേഷന്‍ ഓഫിസിനുള്ളിലും പുറത്തും പ്രതിഷേധം നടത്താനാണ് ബിജെപിയുടെ തീരുമാനം. കൗണ്‍സിലര്‍മാര്‍ നഗരസഭയുടെ പ്രധാന കവാടം ഉപരോധിക്കും. ഇതോടൊപ്പം മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ 11 മണിക്ക് കോര്‍പറേഷനിലേക്ക് മാര്‍ച്ചും നടത്തും.
മേയര്‍ ആര്യ രാജേന്ദ്രന്‍ ഇന്ന് രാവിലെ 9 മണിയോടെ തന്നെ കോര്‍പറേഷന്‍ ഓഫിസിലെത്തി. കഴിഞ്ഞ ദിവസം ബിജെപി കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫിസിനു മുന്നില്‍ ഉപരോധം നടത്തിയിരുന്നു. മേയറെ ഓഫിസില്‍ കയറ്റില്ലെന്നായിരുന്നു പ്രഖ്യാപനം. ഇതേതുടര്‍ന്ന് പിന്‍ഭാഗത്തുള്ള വാതില്‍ വഴിയാണ് മേയര്‍ ഓഫിസിലെത്തിയത്.