തിരുവനന്തപുരം:നിയമസഭയിലെ സംഘര്‍ഷത്തിനു പിന്നാലെ ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത നടപടിയെ പുച്ഛിച്ചു തള്ളി എംഎല്‍എമാര്‍. എംഎല്‍എമാരായ അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, ഐ.സി ബാലകൃഷ്‌ണന്‍, പി.കെ ബഷീര്‍, കെ.കെ രമ, ഉമ തോമസ് എന്നിവരാണ് തങ്ങള്‍ക്കെതിരെ കേസെടുത്തതിനെ വെല്ലുവിളിച്ച് രംഗത്തുവന്നത്. അതേസമയം തുടര്‍ച്ചയായി അടിയന്തര പ്രമേയ നോട്ടീസിന് പരിഗണിക്കാത്ത സാഹചര്യത്തിലാണ് നിയമസഭ സമുച്ചയത്തിലെ സ്‌പീക്കറുടെ ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ തീരുമാനിച്ചത്.
സ്‌പീക്കറെ തടയില്ലെന്നും സ്‌പീക്കറുടെ ഓഫിസിലേക്ക് തള്ളിക്കയറില്ലെന്നും ഉറപ്പുനല്‍കിയിട്ടും യാതൊരു പ്രകോപനവുമില്ലാതെ പ്രതിഷേധിച്ച എംഎല്‍എമാര്‍ക്കെതിരെ ബലപ്രയോഗം നടത്താനാണ് വാച്ച് ആന്‍ഡ് വാര്‍ഡ് ശ്രമിച്ചത്. നിയമസഭയിലെ മുതിര്‍ന്ന അംഗമായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനോട് ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ അപമര്യാദയായി പെരുമാറുകയും തള്ളിമാറ്റുകയും ചെയ്‌തു. ഇതിനിടെ സിപിഎം എംഎല്‍എമാരായ എച്ച്.സലാം, സച്ചിന്‍ദേവ്, ഐ.ബി സതീഷ്, ആന്‍സലന്‍ എന്നിവര്‍ തങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തുവെന്നും എംഎല്‍എമാര്‍ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.
വാച്ച് ആന്‍ഡ് വാര്‍ഡോ, പാര്‍ട്ടി ഗുണ്ടകളോ:സലാം, സച്ചിന്‍ദേവ് എന്നിവരുടെ ആക്രമണത്തില്‍ താഴെ വീണ സനീഷ്‌കുമാര്‍ ജോസഫിനെ ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുകയും മറ്റ് വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്‌തു. ബോധരഹിതനായ സനീഷ്‌കുമാറിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കെ.കെ രമയുടെ കൈ പിന്നിലേക്ക് പിടിച്ച് വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ വളിച്ചിഴയ്ക്കുകയും ആക്രമിക്കുകയും ചെയ്‌തു. സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഗൂഡാലോചന നടത്തി പാര്‍ട്ടി ഗുണ്ടകളെപ്പോലെയാണ് ഡെപ്യൂട്ടി ചീഫ് മാര്‍ഷലും വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളും പെരുമാറിയതെന്നും സിപിഎം എംഎല്‍എമാരും ഇവര്‍ക്കൊപ്പം ചേര്‍ന്നുവെന്നും എംഎല്‍എമാര്‍ കുറ്റപ്പെടുത്തി.