തിരുവനന്തപുരം: പ്രതിപക്ഷ ശബ്‌ദത്തെ അടിച്ചമർത്താൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സഭയിൽ സംഘർഷം ഉണ്ടാക്കാൻ ഭരണപക്ഷം ആസൂത്രിതമായി എത്തുകയായിരുന്നുവെന്നും പ്രതിപക്ഷം സഭ നടപടികൾ ബഹിഷ്‌കരിച്ച് പുറത്തു വന്ന ശേഷം വി.ഡി സതീശൻ പറഞ്ഞു. മന്ത്രിമാരും എംഎൽഎമാരും മുദ്രാവാകും വിളിക്കുകയായിരുന്നു. അതുകൊണ്ടാണ് നടപടികളോട് സഹകരിക്കാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സ്വർണക്കടത്ത് കേസിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഭരണപക്ഷ ശ്രമം. മുഖ്യമന്ത്രിയ്ക്ക് പ്രതിരോധം തീർക്കാനാണ് ശ്രമമെങ്കിൽ ഇതുകൊണ്ടൊന്നും പിണറായി വിജയനെ രക്ഷിക്കാനാകില്ല. മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത്. പൊലീസിൻ്റെ സഹായത്തോടു കൂടിയാണ് അക്രമം നടക്കുന്നത്.