തിരുവനന്തപുരം : കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 50,000 രൂപയുടെ ധനസഹായം അപര്യാപ്‌തമെന്ന് യു.ഡി.എഫ്. 5 ലക്ഷം രൂപയില്‍ കുറയാത്ത ധനസഹായം നല്‍കണമെന്നും കേരളവും കേന്ദ്രവും ബാധ്യത ഒരുമിച്ച് വഹിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.
കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി മറച്ചുവയ്ക്കുകയാണ്. ഐ.സി.എം.ആര്‍ മാനദണ്ഡം പാലിച്ച് മുഴുവന്‍ കൊവിഡ് മരണങ്ങളും കണ്ടെത്തണം.
Also Read: കൊവിഡില്‍ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം : സുപ്രീം കോടതി ഉത്തരവ് ഒക്ടോബർ 4ന്
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയാല്‍ യു.ഡി.എഫ് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കൊവിഡ് മരണക്കണക്ക് സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്നും പുറത്തുവന്നത് യഥാര്‍ത്ഥ വിശദാംശങ്ങളല്ലെന്നും വി.ഡി സതീശൻ ആരോപിച്ചു.
യുഡിഎഫ് യോഗശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 60 മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ചെന്ന് മുന്നണിയോഗം വിലയിരുത്തി.
വിശദമായ കണക്കുകള്‍ ഉടന്‍ പുറത്തുവിടും. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി വിശദമായി യോഗം ചര്‍ച്ച ചെയ്‌തെന്നും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.