തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെ പൊലീസ് നടപടി. വിവിധ ജില്ലകളിലായി 2507 ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സംസ്ഥാനത്തെ റേഞ്ച് ഐജിമാരുടെയും ജില്ല പൊലീസ് മേധാവിമാരുടെയും നേതൃത്വത്തിൽ ഓപ്പറേഷൻ ആഗിന്‍റെ ഭാഗമായാണിത്.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർ വലയിലായത്. ഇവിടെ 113 കുറ്റവാളികളെ അറസ്റ്റ് ചെയ്‌തുവെന്ന് ജില്ല പൊലീസ് കമ്മിഷണർ നാഗരാജു ഐപിഎസ് വ്യക്‌തമാക്കി. ഓപ്പറേഷൻ ആഗിന്‍റെ ഭാഗമായി പിടികിട്ടാപ്പുള്ളികൾ ഉൾപ്പടെ പിടിയിലായിട്ടുണ്ട്. നടപടി അറസ്റ്റിലും റിമാൻഡിലും മാത്രമായി ഒതുക്കില്ല.
360 ഡിഗ്രിയിൽ നടക്കുന്ന ഓപ്പറേഷൻ ആഗ് ഇനിയും തുടരും. എല്ലാ എൻഫോഴ്സ്മെന്‍റ് വകുപ്പുകളെയും ഏകോപിപ്പിച്ച് കൊണ്ടായിരിക്കും ഓപ്പറേഷൻ ആഗ് തുടരുക. പിടിയിലായവരുടെ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യും. എന്നാൽ ചെറിയ കുറ്റകൃത്യങ്ങളിൽപ്പെടുന്നവർക്ക് ഭാവിയിൽ തിരുത്താനുള്ള അവസരം ഒരുക്കുമെന്നും കമ്മിഷണർ പറഞ്ഞു.
പിടികൂടിയവരിൽ 62 പേർ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ്. കുപ്രസിദ്ധ ഗുണ്ട അനൂപ് ആന്‍റണി, അന്തർസംസ്ഥാന മോഷ്‌ടാവ് ജാഫർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. അതേസമയം മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം സ്ത്രീക്ക് എതിരെ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ഇനി ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും കമ്മിഷണർ പറഞ്ഞു.
പരാതിപ്പെടുന്നതിൽ താമസം ഉണ്ടാകുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. സ്ത്രീ സുരക്ഷ മൊബൈല്‍ ആപ്പായ 'നിർഭയ' വനിതകള്‍ എല്ലാവരും ഡൗൺലോഡ് ചെയ്യണമെന്നും നാഗരാജു ആവശ്യപ്പെട്ടു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയാനായി പിങ്ക് പൊലീസിന്‍റെ പെട്രോളിങ് സമയം ദീർഘിപ്പിക്കും. രാത്രി സമയങ്ങളിൽ പിങ്ക് പൊലീസിന്‍റെ പ്രത്യേകം പട്രോളിങ്ങിനുള്ള സംവിധാനവും ഒരുക്കും. വിഷയത്തിൽ നേരത്തെ വനിത കമ്മിഷൻ സ്വമേധയാ കേസ് എടുത്തിരുന്നു.
അരിച്ച് പെറുക്കി പൊലീസ് : ഇന്നലെ രാത്രി നടന്ന പരിശോധനയിൽ 26 വാറണ്ട് പ്രതികൾ, 13 പിടികിട്ടാപ്പുള്ളികൾ എന്നിവര്‍ ഉൾപ്പടെ കോഴിക്കോട് റൂറൽ പരിധിയിൽ 182 പേരും നഗരത്തിൽ 90 പേരും കരുതൽ തടങ്കലിലായി. പത്തനംതിട്ടയിൽ 32 പേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം വിട്ടയച്ചു.