തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍. ന്യുമോണിയ ചികിത്സയ്ക്കായി ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടത്തെ ചികിത്സയ്ക്ക് ശേഷമായിരിക്കും ബെംഗളൂരുവിലേക്ക് കൊണ്ടുപോവുക.
ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു എന്ന് ആരോപിച്ച് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്‌സ് വി ചാണ്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയത് വലിയ ചർച്ചയായിരുന്നു. ഇന്നലെ വൈകിട്ടാണ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഉമ്മൻചാണ്ടിയെ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ആരോഗ്യ സ്ഥിതി മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻചാണ്ടിയുടെ ബന്ധുക്കളെ വിളിച്ച് അന്വേഷിച്ചത്. ആശുപത്രിയിലേക്ക് ആരോഗ്യ മന്ത്രി വീണ ജോർജിനെ ഇന്ന് അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പിതാവിൻ്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് മകൻ ചാണ്ടി ഉമ്മൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടു. 'അപ്പയുടെ സുഖവിവരം അന്വേഷിച്ചു വിളിക്കുകയും ആരോഗ്യമന്ത്രിയെ ഹോസ്‌പിറ്റലിൽ അയക്കുകയും ചെയ്യുന്ന പ്രിയങ്കരനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവര്‍കൾക്ക് നന്ദി' ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.