തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭവുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന് ആറ് വർഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സൈബർ പൊലീസ് കുറ്റപത്രം നല്‍കിയത്.
ഓൺലൈൻ പെൺവാണിഭം; അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു
ഓപ്പറേഷൻ ബിഗ് ഡാഡിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ പിടിയിലായ ഓൺലൈൻ പെൺവാണിഭ സംഘത്തിനെതിരെ സൈബർ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
സൈബർ ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് ടി. ശ്യംലാലാണ് 48 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 370(1), (2), (3), 34 കൂടാതെ ഐ.ടി നിയമത്തിലെ 67 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 15 പേരാണ് കേസിലെ പ്രതികൾ. പ്രസന്ന എന്ന ഗീത, പിങ്കി, പ്രദീപ്, അജിത്, തിലകൻ, അനീഷ് എന്ന സജു.എസ്, ജെയ്‌സൺ, വിപിൻ, ശ്രീജിത്, നിയാസ്, ഷമീർ, സജീന, ബിന്ദു, അലിഫ്, പീറ്റർ ഷാനോ എന്നിവരാണ് പ്രതിപ്പട്ടികയിലുളളത്.
2016 ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ഓൺലൈൻ പെൺവാണിഭ സംഘങ്ങൾക്കെതിരായി ഓപ്പറേഷൻ ബിഗ് ഡാഡിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് സിനിമ, സീരിയൽ, മോഡലിങ് താരങ്ങളെ എത്തിക്കുമെന്ന പരസ്യം ശ്രദ്ധയിൽപ്പെട്ട സൈബർ പൊലീസ് ഇടപാടുകാരെന്ന വ്യാജേന നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്.