തിരുവനന്തപുരം :ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാറിന്‍റെ പ്രത്യേക പ്രതിനിധിയായ മുന്‍ കോണ്‍ഗ്രസ് നേതാവ് കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ തീരുമാനിച്ച് മന്ത്രിസഭായോഗം. ശമ്പളത്തിനും അലവൻസുകൾക്കും പകരമാണിത്. ഇതുകൂടാതെ രണ്ട് അസിസ്റ്റന്‍റുമാർ, ഒരു ഓഫിസ് അറ്റൻഡന്‍റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും യോഗം അനുമതി നൽകി.
കെവി തോമസിന് ഓണറേറിയം അനുവദിക്കണമെന്ന് നേരത്തെ ധനകാര്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഡൽഹിയിലെ കേരള ഹൗസിലാണ് കെവി തോമസിന്‍റെ ഓഫിസ് പ്രവർത്തിക്കുക. ഇക്കഴിഞ്ഞ ജനുവരി 18ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് മുൻ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസിനെ ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.
കോൺഗ്രസിൽ നിന്ന് പുറത്താക്കിയ കെവി തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണ് കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ചത്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് എ.സമ്പത്തായിരുന്നു കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി. ശമ്പളവും ഡിഎയും ഉൾപ്പടെ 92423 രൂപയായിരുന്നു അന്ന് അദ്ദേഹത്തിന്‍റെ പ്രതിമാസ ശമ്പളം.
നിയമനത്തിന് പിന്നാലെ സര്‍ക്കാറിന് കത്തയച്ച് കെവി തോമസ് :ഡല്‍ഹിയില്‍ കേരളത്തിന്‍റെ പ്രതിനിധിയായി നിയമിച്ചതിന് പിന്നാലെ ശമ്പളം വേണ്ടെന്നും ഓണറേറിയം മാത്രം മതിയെന്നും അറിയിച്ച് കെവി തോമസ് സര്‍ക്കാറിന് കത്ത് അയച്ചിരുന്നു. വിഷയത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ കെവി തോമസിന്‍റെ കത്ത് ധനകാര്യ വകുപ്പിന് കൈമാറി.കേരള സര്‍ക്കാറിന് വേണ്ടി കേന്ദ്ര സര്‍ക്കാറുമായുള്ള ലെയ്‌സണ്‍ ജോലികളാണ് ഡല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്വം.