കേരളം

kerala

ETV Bharat / state

ഇന്ന് തിരുവോണം; ആഘോഷങ്ങളില്ലാതെ 'കരുതലോണം' - ചിങ്ങം

മലയാളിക്ക് ഇക്കൊല്ലം ഒത്തുകൂടലുകള്‍ ഇല്ലാത്ത കരുതലിന്‍റെ ഓണാഘോഷം

onam  kerala festival  celebrations  ഇന്ന് തിരുവോണം  കേരളം  ഓണാശംസകള്‍  ചിങ്ങം  തിരുവോണപ്പുലരി
Onam Kerala

By

Published : Aug 31, 2020, 6:25 AM IST

Updated : Aug 31, 2020, 6:36 AM IST

മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ......ഭൂമി മലയാളത്തിന് ഇന്ന് പൊന്നോണം. ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും ആഘോഷം. ഒരുമയുടെ ഉത്സവം. ഒത്തുചേര്‍ന്ന് പൂക്കളമിട്ടും ഓണസദ്യയുണ്ടും കഴിഞ്ഞ മലയാളിക്ക് ഈ ഓണനാള്‍ മനസ്സുകൊണ്ട് ഒരുമിക്കാനുള്ളതായപ്പോഴും ലോകമെങ്ങുമുള്ള മലയാളികള്‍ ഇന്നലെകളുടെ മധുരമുള്ള ഓര്‍മ്മകളും നല്ല നാളുകള്‍ക്കായുള്ള പ്രതീക്ഷകളും കാത്തുവച്ച് തിരുവോണത്തെ വരവേറ്റു. കാണം വിറ്റും ഓണം ഉണ്ണണമെന്ന് പഴഞ്ചൊല്ലായി പാടിപ്പടിച്ചവര്‍ പരസ്‌പരം താങ്ങായും തണലായും കരുതലായും മാറി ഇത്തവണത്തെ ഓണത്തിന്.

മഹാബലിയെന്ന പ്രജാവത്സലനായ രാജാവ് തന്‍റെ പ്രജകളെ കാണാന്‍ വര്‍ഷത്തില്‍ ഒരിക്കലെത്തുന്ന ദിനമാണ് ഓണമെന്നാണ് കൂടുതല്‍ പ്രചാരത്തിലുള്ള ഐതിഹ്യം. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തിയ മഹാബലി തന്‍റെ പ്രജകളെ കാണാന്‍ വര്‍ഷത്തില്‍ ഒരു ദിനം ആവശ്യപ്പെട്ടെന്ന് ഐതിഹ്യം പറയുന്നു. ഐതിഹ്യങ്ങള്‍ ഏറെയുണ്ടെങ്കിലും ഓണം മലയാളിക്ക് ജാതി, മത ഭേദമന്യേയുള്ള ഉത്സവമാണ്. വിളവെടുപ്പിന്‍റെയും സമൃദ്ധിയുടെയും ഉത്സവം. അത്തം മുതല്‍ തുടങ്ങുന്ന ആഘോഷം. പത്താം നാള്‍ തിരുവോണം. ചതയം വരെ നീളുന്ന ഓണാഘോഷങ്ങള്‍. പൂക്കളമിട്ടും ഊഞ്ഞാലിട്ടും പഴമയുടെ നല്ല ദിനങ്ങളിലേക്ക് പോകുന്ന ഓണനാളുകള്‍. ബന്ധുജനങ്ങളും സുഹൃത്തുക്കളും ഒത്തു ചേരുന്ന നല്ല നിമിഷങ്ങള്‍. എന്നാല്‍ ഇത്തവണ ലോകം മുഴുവന്‍ വ്യാപിച്ച കൊവിഡ് മഹാമാരി മലയാളിയുടെ ഓണശീലങ്ങളെയും മാറ്റി. ആള്‍ക്കൂട്ടങ്ങളെ ഒഴിവാക്കി മനസ്സുകൊണ്ട് ഒന്നിച്ച് ഒരുമയുടെ ഓണം ഒന്നായി ആഘോഷിക്കുകയാണ്. ഇനിയുമേറെ നല്ല പുലരികള്‍ കാണാന്‍.. നന്മയുടെ നല്ലോണം കൊണ്ടാടാം.

Last Updated : Aug 31, 2020, 6:36 AM IST

ABOUT THE AUTHOR

...view details