തിരുവനന്തപുരം : അത്തം ഒന്ന് മുതൽ അത്തപ്പൂക്കളമിട്ടാണ് മലയാളികൾ ഓണത്തെ(Onam) വരവേൽക്കുന്നത്. സമൃദ്ധിയുടെയും വർണക്കാഴ്‌ചകളുടെയും നാളുകളാണ് ഇനി അങ്ങോട്ട്. തലസ്ഥാനത്തെ ചാല മാർക്കറ്റിൽ ഓണത്തെ വരവേൽക്കാൻ പൂക്കടകളും പതിവിലും ആവേശത്തോടെ സജീവമാവുകയാണ്.
തമിഴ്‌നാട്ടിലെ(Tamil nadu) മധുരയിൽ നിന്നും തോവാളയിൽ നിന്നും സ്ഥിരമായി എത്തുന്ന റെഡ് റോസ, ജമന്തി എന്നിവ കൂടാതെ ഓണം പ്രമാണിച്ച് ഡാർക്ക് അരളി, ആസ്‌ട്രെസ്, വെള്ള ജമന്തി, കോഴിപ്പൂ, പനിനീർ റോസ് എന്നിവയും പട്ടികയിലെ താരങ്ങളാണ്. 1,000 രൂപയുള്ള മുല്ലയ്ക്കും 1,200 രൂപയുള്ള പിച്ചിയ്ക്കുമാണ് കൂട്ടത്തിൽ ഏറ്റവും വില കൂടുതൽ. ഓണം സീസൺ ലക്ഷ്യമിട്ട് കർണാടകയിലെ ഹൊസൂർ, ബെംഗളൂരു, തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ എന്നിവിടങ്ങളിൽ നിന്നും ചാല മാർക്കറ്റിലേക്ക് (chalai market) പൂക്കളുടെ വരവ് ആരംഭിച്ചിട്ടുണ്ട്.
സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ഓണാഘോഷം തുടങ്ങുന്നതോടെ പല വെറൈറ്റി പൂക്കൾ കൂടി വിപണിയിലേക്ക് എത്തുമെന്നും വ്യാപാരികൾ പറയുന്നു. വരും നാളുകളിലാകും വിപണിയും സജീവമാവുക. ഓണാഘോഷത്തിന് മലയാളിക്ക് പൂക്കളമൊരുക്കാനായി അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള പൂക്കളുടെ വരവ് വരും ദിവസങ്ങളിലും വർധിക്കും. കച്ചവടം പൊടിപൊടിച്ചാൽ ഇത്തവണത്തെ ഓണം കളറാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
ഇറക്കുമതിയല്ല, ഇത് ഇവിടെ വിളയിച്ചെടുത്തത് : ചെണ്ടുമല്ലിയും വാടാമല്ലിയും ജമന്തിയുമൊക്കെ അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ചാണ് വിപണിയെങ്കിലും പൂക്കൾ കൃഷി ചെയ്യുന്നവരും കുറവല്ല കേരളത്തിൽ. ഓണം വിപണി മുന്നിൽ കണ്ട് കേരളത്തിൽ പലയിടത്തും പൂക്കൾ കൃഷി ചെയ്യുന്ന കർഷകരും കൂട്ടായ്‌മകളുമുണ്ട്. ഇരിങ്ങൽ കൊളാവിപ്പാലത്തെ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹോളോബ്രിക്‌സ് യൂണിറ്റിലും ഇത്തവണ പൂപ്പാടം ഒരുക്കി.
ചെണ്ടുമല്ലിയും വാടാമല്ലിയുമാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഒരു ഏക്കറിലേറെ സ്ഥലത്താണ് പൂകൃഷി. കൊയിലാണ്ടി നഗരസഭയിലെ പുളിയഞ്ചേരിയിലെ അയ്യപ്പാരി ക്ലസ്റ്ററിലും പൂകൃഷി തകൃതിയായി നടക്കുന്നു. മാരി ഗോൾഡ് എഫ്.ഐ.ജി സംഘമാണ് ഇവിടെ കൃഷി ചെയ്യുന്നത്.