തിരുവനന്തപുരം : പാറ്റൂരില്‍ ഗുണ്ട സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട നിതിനുമായി പൊലീസിലെ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം. നിതിനുമായി സാമ്പത്തിക ഇടപാടുള്ള രാഹുലാണ് ആരോപണവുമായി രംഗത്തെത്തിയത്. നിതിൻ ആവശ്യപ്പെട്ടത് പ്രകാരം അനി എന്നയാളുടെ ഉടമസ്ഥതയിലുള്ള ലോഡ്‌ജില്‍ ഡിവൈഎസ്‌പി ഷീൻ തറയിൽ, സിഐ അഭിലാഷ് ഡേവിഡ്, ഡിവൈഎസ്‌പി സന്തോഷ് നായർ എന്നിവര്‍ക്കും ചെങ്കൽചൂളയിലുള്ള മോഹനൻ നായർ എന്നയാളുടെ ഓഫിസിൽ ഡിവൈഎസ്‌പി പ്രസാദ് ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തിനും മദ്യ വിരുന്നൊരുക്കിയിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ഇവര്‍ പല ഘട്ടങ്ങളിലായി തന്‍റെ പണം തട്ടിയെടുത്തിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു.
നിതിന്‍റെ പല നിയമവിരുദ്ധ ഭൂമി ഇടപാടുകളിലും പൊലീസിലെ ഉന്നതർക്ക് നേരിട്ട് പങ്കുണ്ടെന്ന് രാഹുൽ ആരോപിച്ചു. വർഷങ്ങളായി പ്രവാസിയായിരുന്ന രാഹുൽ ഫ്ലാറ്റ് വാങ്ങാനായി നാട്ടുകാരനായ ആദിത്യനുമായി ചേർന്ന് 13 ലക്ഷത്തോളം രൂപ ഡാനിയേല്‍ എന്നയാള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ പണം നല്‍കിയിട്ടും ഫ്ലാറ്റ് ലഭിക്കാനുള്ള നടപടികളൊന്നുമുണ്ടായില്ല ഇതേ തുടര്‍ന്ന് നല്‍കിയ പണം തിരികെ നല്‍കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് ഇതിനായി നിതിനെ സമീപിച്ചത്.