തിരുവനന്തപുരം : ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വ്യാഴാഴ്‌ച മുതല്‍ പ്രാബല്യത്തില്‍. രാത്രികാല കര്‍ഫ്യൂവാണ് നിയന്ത്രണങ്ങളില്‍ പ്രധാനം. ജനുവരി 2 വരെയാണ് രാത്രികാല ക്രമീകരണം.
പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനം എന്നത് കര്‍ശനമായി തന്നെ പാലിക്കണമെന്നാണ് നിര്‍ദേശം.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിങ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ല കലക്‌ടർമാർ മതിയായ അളവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും.
ALSO READ മകളുടെ ആണ്‍ സുഹൃത്തിനെ കുത്തിക്കൊന്ന കേസ് : കള്ളനെന്ന് കരുതിയെന്ന് ലാലന്‍ ; വിശദ പരിശോധനയ്ക്ക് പൊലീസ്
കൂടുതല്‍ പൊലീസിനെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും. അടച്ചിട്ട സ്ഥലങ്ങളില്‍ സംഘാടകര്‍ വായു സഞ്ചാരം ഉറപ്പുവരുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിയേറ്ററുകളില്‍ നാളെ മുതല്‍ സെക്കന്‍റ് ഷോ അനുവദിക്കില്ല. എല്ലാ പ്രദര്‍ശനങ്ങളും രാത്രി പത്ത് മണിക്ക് മുമ്പ് തന്നെ അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കൊവിഡ് വകഭേദമായ ഒമിക്രോണിന്‍റെ തീവ്രവ്യാപന ശേഷി കണക്കിലെടുത്താണ് മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ ശക്തമാക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 64 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ALSO READ പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം ; സഹോദരി കൊലപ്പെടുത്തിയതെന്ന് നിഗമനം