തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. രാവിലെ 11.30ന് ജില്ലാ കലക്ടർ നവജ്യോത് ഖോസ തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങൾ മുതിർന്ന അംഗത്തിൽ നിന്ന് സത്യവാചകം സ്വീകരിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു
കൊവിഡ് ബാധിച്ചതിനെ തുടർന്ന് കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ പി.പി.ഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്
കൊവിഡ് ബാധിച്ചതിനെ തുടർന്ന് കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ പി.പി.ഇ കിറ്റ് ധരിച്ചാണ് അവസാനമായി സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് ജില്ലാ കലക്ടറുടെ കർശന നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും ആളുകൾ കൂട്ടത്തോടെ ഹാളിന് അകത്തും പുറത്തും തടിച്ചുകൂടി.
സത്യപ്രതിജ്ഞാ ചടങ്ങിനിടെ സിപിഎം-ബിജെപി പ്രവർത്തകരുടെ മുദ്രാവാക്യം വിളി അതിരുകടന്നതോടെ കലക്ടർ ഇടപെട്ടു. സത്യപ്രതിജ്ഞ ചടങ്ങിൽ അംഗങ്ങൾ കർഷക സമരത്തെയും ശബരിമല വിഷയത്തേയും പരാമർശിച്ചു. എല്ലാ അംഗങ്ങളുടെയും ആദ്യ യോഗവും സത്യപ്രതിജ്ഞയ്ക്ക് ശേഷം മുതിർന്ന അംഗത്തിന്‍റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിപ്പ് വായിച്ചു. 100 അംഗങ്ങളുള്ള കോർപ്പറേഷനിൽ എൽഡിഎഫിന് 52 ഉം എൻഡിഎയ്ക്ക് 35 ഉം യുഡിഎഫിന് 10 ഉം സീറ്റുകളാണ് ഉള്ളത്.