കണ്ടെയ്ൻമെന്‍റ് സോൺ നിർണയവും സമ്പർക്കപട്ടിക തയ്യാറാക്കലും ഇനി പൊലീസിന്‍റെ ചുമതല - kerala dgp
24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സംഘത്തെ രൂപീകരിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്റ നിർദ്ദേശം നൽകി.
തിരുവനന്തപുരം: കണ്ടെയ്ൻമെന്‍റ് സോൺ നിർണയവും സമ്പർക്കപട്ടിക തയ്യാറാക്കലും അടക്കമുള്ള പുതിയ ചുമതലകൾ ഏറ്റെടുത്ത് പൊലീസ്. ഇതിനായി എല്ലാ പൊലീസ് സ്‌റ്റേഷനിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സംഘത്തെ രൂപീകരിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്റ നിർദ്ദേശം നൽകി. എസ് ഐ മാർക്കാണ് പ്രത്യേക സംഘത്തിന്‍റെ നേതൃത്വം . കൃത്യമായ ക്വാറന്‍റൈൻ ഉറപ്പുവരുത്തുന്നത് സ്‌റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതലയാണെന്ന് ഡിജിപി നൽകിയ സർക്കുലർ വ്യക്തമാക്കുന്നു. സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിന് സാങ്കേതിക വിദ്യയുടെ സഹായവും ഉപയോഗിക്കും. കണ്ടെയിൻമെന്‍റ് സോണിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. അവശ്യസാധനങ്ങൾ ഈ മേഖലയിൽ വീടുകളിൽ എത്തിച്ചു നൽകുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തണം. ക്വാറന്‍റൈൻ ലംഘനങ്ങൾ കണ്ടെത്താൻ ബൈക്ക് പട്രോളും മൊബൈൽ ആപ്പും ഉപയോഗിക്കും. വിവാഹ, മരണച്ചടങ്ങുകൾ, കടകൾ എന്നിവയടക്കം ഒരിടത്തും ആൾക്കൂട്ടം അനുവദിക്കരുതെന്നും സർക്കുലറിൽ പറയുന്നു.