തിരുവനന്തപുരം: കൊവിഡ് കാലത്തും സ്റ്റാഫ് നഴ്‌സ് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ ആരോഗ്യവകുപ്പ് താത്കാലിക നിയമനങ്ങൾ നടത്തുന്നതായി ആരോപണം. ഡയറക്‌ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിലേക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറേറ്റിലേക്കുമായി 2018ൽ പ്രാബല്യത്തിൽ വന്ന രണ്ട് റാങ്ക് ലിസ്റ്റുകളിൽ തുച്ഛമായ നിയമനങ്ങൾ മാത്രമാണ് നടന്നത്. അതേസമയം മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ ആശുപത്രികളിൽ താത്കാലിക നിയമനങ്ങൾ ധാരാളം നടന്നു. മാസങ്ങൾക്കകം രണ്ട് റാങ്ക് ലിസ്റ്റുകളുടെയും കാലാവധി അവസാനിക്കും. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നൽകിയ പരാതിക്ക് പ്രതികരണമില്ലാത്തതിനാൽ കടുത്ത ആശങ്കയിലാണ് ഉദ്യോഗാർഥികൾ.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 2,700 സ്റ്റാഫ് നഴ്‌സ് തസ്‌തികകൾ സൃഷ്‌ടിച്ച് മൂന്നു വർഷം കൊണ്ട് നിയമനം നടത്തുമെന്ന സർക്കാരിന്‍റെ ആദ്യ ബജറ്റിലെ പ്രഖ്യാപനവും പാഴായി. 1961ലെ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കുന്നതിനും മെഡിക്കൽ കോളജുകളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുമായാണ് പുതിയ തസ്‌തികകൾ പ്രഖ്യാപിച്ചത്. 2018 ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 ലിസ്റ്റിൽ ഇതുവരെ നടന്നത് ആയിരത്തിൽ താഴെ നിയമനങ്ങൾ മാത്രം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നൂറോളം സ്റ്റാഫ് നഴ്‌സ് ഒഴിവുകളാണ് ഇപ്പോഴും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ കിടക്കുന്നത്. മെയിൻ ലിസ്റ്റിൽ മാത്രം 3,800 പേരുള്ളപ്പോഴാണ് ഈ അനാസ്ഥ.