തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് (No New Nipah Cases Today- Says Health Minister). ഇന്ന് ലഭിച്ച 27 പരിശോധനാഫലങ്ങളും നെഗറ്റീവായതായി മന്ത്രി അറിയിച്ചു. നിലവില്‍ 981 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. നിരീക്ഷണത്തിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ (Isolation) തന്നെ തുടരണം. കൃത്യമായി മാസ്‌ക് (Mask) ധരിക്കണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 9 വയസുകാരന്‍റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്. നിപ പ്രതിരോധത്തിന്‍റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നാണ് യോഗത്തിലെ വിലയിരുത്തൽ. വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കോഴിക്കോടും (Kozhikode) പരിസരപ്രദേശങ്ങളിലും തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ നാലുദിവസമായി നിപ പോസിറ്റീവ് കേസുകളില്ലെന്ന് ഇന്നലെയും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. രോഗവ്യാപനം തടയാന്‍ സാധിച്ചെങ്കിലും ആശ്വസിക്കാനുള്ള സമയം ആയിട്ടില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.