തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സുമായി ചര്‍ച്ച നടത്തുന്നതില്‍ വ്യക്തത വരുത്താതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചെയ്യാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്‌തിട്ടുണ്ട്. അത് അവര്‍ക്ക് മനസിലാകുന്നുണ്ട്. അതിന് അനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. പാവപ്പെട്ട തൊഴില്‍ അന്വേഷകരെ അപകടകരമായ രീതിയില്‍ സമരം നടത്താന്‍ പ്രേരിപ്പിക്കുന്നത് ഏത് പ്രതിപക്ഷമായാലും അപകടകരമായ കളിയാണ്. അത് തിരിച്ചറിയാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കഴിയണം. നിലവില്‍ നിയമന ലിസ്റ്റിന്‍റെ പേരിലുള്ള പ്രതിപക്ഷ സമരം സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികളുടെ താല്‍പര്യത്തിന് വിരുദ്ധമാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ എല്ലാ അപവാദ പ്രചാരണങ്ങളും കുത്സിത നീക്കങ്ങളും പൊളിഞ്ഞപ്പോഴാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷം രംഗത്തിറങ്ങിയത്.
പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്‍റെ സമരം; ചര്‍ച്ചയെക്കുറിച്ച് വ്യക്തത വരുത്താതെ മുഖ്യമന്ത്രി - പിണറായി വിജയൻ വാർത്ത
മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമെ ഉദ്യോഗം ലഭിക്കൂവെന്ന് പിണറായി വിജയൻ
സമരം ചെയ്യുന്നവര്‍ക്ക് ഉദ്യോഗം ലഭിക്കാന്‍ ആഗ്രഹമുണ്ടാകും. അത് സ്വാഭാവികമാണ്. എന്നാല്‍, ആ സമരത്തെ ഉപയോഗിച്ച് രാഷ്‌ട്രീയനേട്ടം കൊതിക്കുന്ന പ്രതിപക്ഷത്തിന്‍റേത് കുത്സിതമായ ശ്രമമാണ്. 2020 ജൂണില്‍ കാലാവധി തീര്‍ന്ന സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് എങ്ങനെ പുനരുജ്ജീവിപ്പിക്കും. അതിന് പറ്റുന്ന ഏതെങ്കിലും നിയമമോ സാധ്യതയോ നാട്ടിലുണ്ടോ. അത് അറിയാത്തവരാണോ പ്രതിപക്ഷ നേതാക്കള്‍. പൊലീസ് കോണ്‍സ്റ്റബിള്‍ തസ്‌തികയിലേക്കുള്ള നിയമനത്തിനായി രണ്ട് റാങ്ക് ലിസ്റ്റുകളാണ് ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ പിഎസ്‌സി പ്രസിദ്ധീകരിച്ചത്. അതില്‍ ആകെ 11,420 നിയമനം നല്‍കി. ഈ സര്‍ക്കാര്‍ വന്ന ശേഷം പൊലീസ് വകുപ്പില്‍ 3,971 സ്ഥിരം തസ്‌തികകളും 863 താല്‍ക്കാലിക തസ്‌തികകളും പുതിയതായി സൃഷ്‌ടിച്ചു. ഇതൊക്കെ നിലനില്‍ക്കുമ്പോള്‍ പഴയ ലിസ്റ്റ് പുനസ്ഥാപിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ്.
അനന്തമായി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് പുതുതലമുറയുടെ തൊഴിലവസരത്തെ ബാധിക്കും. മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഉദ്യോഗം ലഭിക്കൂ. അത് മനസ്സിലാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.