തിരുവനന്തപുരം: പിഡബ്ല്യുഡി റോഡുകളുടെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്‌ചയും ഇല്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. റോഡ് നിർമാണ പ്രവർത്തനത്തിൽ കണ്ടെത്തിയ അപാകതകൾ സംബന്ധിച്ച് സണ്ണി ജോസഫ്, വി.എസ് ശിവകുമാർ, അനൂപ് ജേക്കബ് എന്നിവർ മുന്നോട്ടുവച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
റോഡുകളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്‌ചയില്ല: ജി.സുധാകരൻ - പിഡബ്ല്യുഡി
കോൺട്രാക്ടർമാരുടെ വീഴ്‌ച മൂലം പൂർത്തിയാക്കാത്ത റോഡുകൾ ഉടൻ നിർമിക്കുമെന്ന് മന്ത്രി
കിഫ്ബിയുടെ ടെക്‌നിക്കൽ ഇൻസ്പെക്ഷൻ വിഭാഗത്തിന്‍റെ പരിശോധനയുടെ അടിസ്ഥാനത്തിൽ കേരള റോഡ് ഫണ്ട് ബോർഡിന്‍റെ ചുമതലയുള്ള റോഡുകളുടെ നിർമ്മാണ പ്രവർത്തനം നിർത്തിവെക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ എന്ന് പ്രതിപക്ഷ അംഗങ്ങൾക്കിടയിൽ നിന്ന് ചോദ്യം ഉയർന്നു. ഗവൺമെന്‍റ് അധികാരത്തിൽ വന്നതിന് ശേഷം 3000 റോഡുകൾ പിഡബ്ല്യുഡി പുനർനിർമ്മിച്ചു. അതിൽ 200 എണ്ണം കിഫ്ബി വഴി നിർമ്മിച്ചതാണ്. ഇതിൽ 10 എണ്ണം മാത്രമാണ് കോൺട്രാക്ടർമാരുടെ വീഴ്‌ച മൂലം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതെന്നും മന്ത്രി പറഞ്ഞു. ആ റോഡുകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ചുവെന്നും മന്ത്രി അറിയിച്ചു.