തിരുവനന്തപുരം: കേന്ദ്ര സഹായം നിഷേധിക്കപ്പെട്ടുവെന്ന് കേരളത്തിൽ തെറ്റായ പ്രചരണം നടക്കുന്നെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ (Nirmala Sitharaman Reply On Aligations On Central Allocation To Kerala). എല്ലാ സംസ്‌ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്. കേരളം കൃത്യമായ പ്രൊപ്പോസൽ നൽകിയിട്ടില്ലെന്നും, രണ്ട് തവണ ആവശ്യപ്പെട്ടിട്ടും മറുപടി നൽകിയിട്ടില്ലെന്നും നിർമലാ സീതാരാമൻ കുറ്റപ്പെടുത്തി. ആറ്റിങ്ങൽ മാമം ഗ്രൗണ്ടിൽ നടന്ന വായ്‌പാ വ്യാപന മേള ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.
വിധവാ - വാർദ്ധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ല എന്നാണ് പ്രചാരണം. എന്നാൽ എല്ലാ സംസ്‌ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകിയിട്ടുണ്ട്. അതിനു ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് യഥാർത്ഥ വസ്‌തുത ജനങ്ങൾ അറിയാനാണ്. കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും നിർമലാ സീതാരാമൻ ആരോപിച്ചു.