തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്‌ഡ്. പാര്‍ട്ടി നിരോധന ശേഷവും പിഎഫ്‌ഐ രഹസ്യമായി പ്രവര്‍ത്തനം തുടരുന്നതിനാലാണ് എന്‍ഐഎയുടെ പരിശോധന. ഇക്കഴിഞ്ഞ സെപ്‌റ്റംബറില്‍ നിരോധിക്കപ്പെട്ട പാര്‍ട്ടിയുടെ കേഡറുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 56 സ്ഥലങ്ങളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടര മുതല്‍ തുടങ്ങിയ പരിശോധന മണിക്കൂറുകള്‍ പിന്നിട്ടു.
ഡല്‍ഹിയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ റെയ്‌ഡില്‍ പങ്കെടുക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് ഫണ്ട് ചെയ്‌തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്‌തവരെയും തേടിയാണ് എന്‍ഐഎ പരിശോധന.
തിരുവനന്തപുരം ജില്ലയിലെ മൂന്നിടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. പി.എഫ്.ഐ തിരുവനന്തപുരം സോണൽ മുൻ പ്രസിഡന്‍റ് നവാസ് തോന്നയ്ക്കൽ, സംസ്ഥാന കമ്മിറ്റി മുൻ അംഗം സുൽഫി വിതുര, പിഎഫ്ഐ പ്രവർത്തകൻ പള്ളിക്കൽ ഫസൽ എന്നിവരുടെ വീടുകളിലാണ് റെയ്‌ഡ്. തിരുവനന്തപുരത്ത് എൻ.ഐ.എ ഡിവൈഎസ്‌പി ആർ.കെ.പാണ്ടെയുടെ നേതൃത്വത്തിലാണ് പരിശോധന.
എറണാകുളം റൂറലിൽ 12 കേന്ദ്രങ്ങളിലാണ് റെയ്‌ഡ്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും ഈരാറ്റുപേട്ടയിലുമാണ് പരിശോധന നടക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ പിഎഫ്ഐ നേതാവ് സുനീർ മൗലവിയുടെ വീട്ടിലും ഈരാറ്റുപേട്ടയിൽ മുൻ ജില്ല സെക്രട്ടറി ബിഷുറുല്‍ ഹാഫിയുടെ വീട്ടിലുമാണ് റെയ്‌ഡ് നടക്കുന്നത്. അതേസമയം കണ്ണൂരില്‍ പത്തിടങ്ങളിലാണ് എന്‍ഐഎ പരിശോധന തുടരുന്നത്.
പോപ്പുലർ ഫ്രണ്ടിന് കൂടുതല്‍ സ്വാധീനമുള്ള കക്കാട്, കീഴ്ത്തള്ളി, മട്ടന്നൂർ, പഴയങ്ങാടി തുടങ്ങിയ ഇടങ്ങളിലാണ് റെയ്‌ഡ്. കക്കാട് പിഎഫ്ഐ നേതാവായിരുന്ന അഫ്‌സലിന്‍റെ വീട്ടിലാണ് റെയ്‌ഡ് പുരോഗമിക്കുന്നത്. കോഴിക്കോട് മൂന്നിടങ്ങളിലായി ആറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. മാവൂരിലും നാദാപുരത്തും പാലേരിയിലുമാണ് റെയ്ഡ്. നാദാപുരത്തെ പി.എഫ്.ഐ പ്രവർത്തകൻ നൗഷാദിന്റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി. കോഴിക്കോട് പാലേരിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്. തേജസ് പത്രം മുന്‍ ചീഫ് എഡിറ്റര്‍ അഡ്വ മുഹമ്മദ് റഫീഖിന്‍റെ വീട്ടിലും എന്‍ഐഎ റെയ്‌ഡ് നടത്തി. കോഴിക്കോട് കുറ്റിക്കാട്ടൂരുള്ള വീട്ടിലാണ് എന്‍ഐഎ സംഘം റെയ്‌ഡ് നടത്തിയത്.
പിഎഫ്ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവർത്തകരും രഹസ്യാന്വേഷണ ഏജൻസികളുടേയും എൻഐഎയുടേയും നിരീക്ഷണത്തിലായിരുന്നു. നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിർത്താൻ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് റെയ്‌ഡ് എന്നാണ് സൂചന.