തിരുവനന്തപുരം:സർക്കാർ വാഹനങ്ങൾക്ക് ഇനി മുതൽ പുതിയ രജിസ്ട്രേഷൻ സീരീസ്. കെഎൽ 90 (KL 90) എന്ന് തുടങ്ങുന്ന രജിസ്ട്രേഷൻ സീരീസാണ് പുതുതായി വരുന്നത്. പുതിയ സീരീസ് വരുന്നതോടെ മന്ത്രിമാരുടെ വാഹനങ്ങൾ അടക്കമുള്ള സർക്കാർ വാഹനങ്ങൾ ഇതിലേക്ക് മാറും (Government Vehicles).
കെഎൽ 90-എ (KL-90- A), കെഎൽ 90 -ബി (KL-90- B), കെഎൽ 90-സി (KL-90-C), കെഎൽ 90-ഡി (KL-90- D) എന്നീ രജിസ്ട്രേഷൻ സീരീസുകളാണ് പുതുതായി വരുന്നത്. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലെ വാഹനങ്ങൾ 'എ' സീരീസിലും കേന്ദ്ര സർക്കാർ വാഹനങ്ങൾ 'ബി' സീരീസിലും തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങൾ 'സി' സീരീസിലും പൊതുമേഖല സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് 'ഡി' സീരീസിലുമാണ് ഇനി മുതൽ രജിസ്ട്രേഷൻ ചെയ്യേണ്ടത്.
സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡ് വച്ച് ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടുന്നതിനു വേണ്ടിയാണ് പുതിയ നീക്കം. നേരത്തെ സ്വകാര്യ വാഹനങ്ങൾ കരാറിനെടുത്ത് സർക്കാർ ബോർഡ് സ്ഥാപിച്ച് സർവീസ് നടത്തിയിരുന്നു. പുതിയ രജിസ്ട്രേഷൻ സീരീസ് വരുന്നതോടെ ഇത് തടയാനാകും.
ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ കെഎസ്ആർടിസിക്ക് വേണ്ടി തിരുവനന്തപുരം സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ദേശസാത്കൃത വിഭാഗം ഓഫിസിലേക്ക് മാറ്റും. പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ മാറ്റുന്നതിനും പുതിയ വാഹനങ്ങൾ രജിസ്ട്രേഷൻ ചെയ്യുന്നതിനും ഓൺലൈനിൽ അപേക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. മാത്രമല്ല വാഹനങ്ങളിൽ ഇനി മുതൽ അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ ആകും ഘടിപ്പിക്കുക.
ഇവ ഇളക്കി മാറ്റാൻ കഴിയാത്തവയായിരിക്കും. കെഎൽ 1 മുതൽ 86 വരെയുള്ള രജിസ്ട്രേഷൻ സീരീസകളാണ് നിലവിലുള്ളത്.