തിരുവനന്തപുരം :മൃഗശാലയിൽ പുതുതായി എത്തിച്ച സിംഹങ്ങളായ നൈലയെയും ലിയോയെയും ഒരുമിച്ച് ഒരു കൂട്ടിലേക്ക് മാറ്റി. തിരുപ്പതി ശ്രീ വെങ്കടേശ്വര മൃഗശാലയിൽ നിന്നെത്തിച്ച ഹൈബ്രിഡ് ഇനത്തിൽപ്പെട്ട സിംഹങ്ങളെ ജൂൺ 15നാണ് മന്ത്രി ജെ ചിഞ്ചു റാണി സന്ദർശക കൂട്ടിലേക്ക് മാറ്റിയത്. മന്ത്രി തന്നെയാണ് സിംഹങ്ങൾക്ക് നൈല, ലിയോ എന്നീ പേരുകൾ നൽകിയത്.
കടുവകളുടെ കൂടിന് സമീപത്തെ വലിയ കൂട്ടിൽ കമ്പി വല കൊണ്ട് മറച്ച് ഇരുവരെയും പ്രത്യേകമായാണ് പാർപ്പിച്ചിരുന്നത്. സമീപത്തെ കൂടുകളിലാണ് പാർപ്പിച്ചതെങ്കിലും നേർക്കുനേർ കണ്ടാൽ നൈലയും ലിയോയും ശൗര്യത്തോടെ പാഞ്ഞടുക്കുമായിരുന്നു. ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് സിംഹങ്ങളെ ഒരുമിച്ചാക്കിയത്.
ഒരു കൂട്ടിൽ കഴിയുന്ന സിംഹങ്ങൾ തമ്മിൽ ആക്രമണം ഉണ്ടായാൽ ഇവയെ മാറ്റുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മുൻകൂട്ടി തയാറാക്കിയിട്ടുണ്ടെന്ന് വെറ്റിനറി സർജൻ ഡോ. അലക്‌സാണ്ടർ ജേക്കബ് പറഞ്ഞു. സിംഹങ്ങളുടെ പരസ്‌പരമുള്ള പെരുമാറ്റമടക്കം ദൃശ്യങ്ങൾ പകർത്തുന്നുണ്ട്. നിലവിൽ ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഇല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നൈലയ്ക്ക് നാല് വയസും ലിയോയ്ക്ക് അഞ്ചര വയസുമാണ് പ്രായം. ചൊവ്വാഴ്‌ച മുതലാണ് ഇരുവരെയും ഒരു കൂട്ടിലേക്ക് മാറ്റിയത്.
പെൺ ഹനുമാൻ കുരങ്ങിനെ വീണ്ടും കാണാനില്ല : സിംഹങ്ങൾക്കൊപ്പം തിരുപ്പതി മൃഗശാലയിൽ നിന്നെത്തിച്ച പെൺ ഹനുമാൻ കുരങ്ങിനെ വീണ്ടും കാണാനില്ല. കഴിഞ്ഞ ദിവസം സെൻട്രൽ ലൈബ്രറി വളപ്പിലെ ആൽമരത്തിൽ തമ്പടിച്ചിരുന്ന കുരങ്ങ് വീണ്ടും രക്ഷപ്പെട്ടു. നിലവിൽ കുരങ്ങ് എവിടെയാണെന്ന് കണ്ടെത്താൻ ജീവനക്കാർക്ക് കഴിഞ്ഞിട്ടില്ല.