തിരുവനന്തപുരം: വിനോദ യാത്രയ്ക്കിടെ നേപ്പാളിലെ റിസോർട്ടില്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്‍റെയും കുടുംബാംഗങ്ങളുടെയും സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9ന് നടക്കും. ബന്ധുക്കളുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.
നേപ്പാൾ അപകട മരണം; കണ്ണീരോടെ നാട്, മൃതദേഹങ്ങൾ നാളെ സംസ്കരിക്കും മരിച്ച മൂന്ന് കുട്ടികളുടെ മൃതദേഹം മൂന്ന് പെട്ടികളിലാക്കി ഒരേ കുഴിമാടത്തിൽ സംസ്ക്കരിക്കും.അതിനടുത്തായി ഇടത് ഭാഗത്ത് പ്രവീണിന്റെയും വലത് വശത്ത് ഭാര്യ ശരണ്യയുടെയും മൃതദേഹം ദഹിപ്പിക്കും . അതിനുള്ള കുഴിമാടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്നും രോഹിണിയിലേക്ക് അണമുറിയാത്ത ജനപ്രാഹമായിരുന്നു. ഒപ്പം രാഷ്ട്രീയ ഭേദമന്യേ നേതാക്കളുമെത്തി. ആരോഗ്യമന്ത്രി കെ.കെ ശൈലജ, മേയർ കെ. ശ്രീകുമാർ, മുന്‍ കെപിസിസി പ്രസിഡന്‍റ് എം.എം ഹസന്‍, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ തുടങ്ങി നിരവധി നേതാക്കള്‍ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ശശി തരൂര്‍ എം.പി ഫോണില്‍ ബന്ധുക്കളെ വിളിച്ച് സംസാരിച്ചു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നാളെ വസതിയിലെത്തും.