വർഷം 1982. കെ കരുണാകരൻ ഒരേ സമയം രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്നു. ഒന്ന് തൃശൂർ ജില്ലയിലെ മാള, രണ്ട് തിരുവനന്തപുരം ജില്ലയിലെ നേമം. രണ്ടിടത്തും ജയിച്ച കെ കരുണാകരൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി. നേമത്തെ ഉപേക്ഷിച്ച്, മാളയില്‍ നിന്നുള്ള എംഎല്‍എയായി നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. കരുണാകരൻ ഉപേക്ഷിച്ച നേമത്ത് 1983 ല്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. കരുണാകരൻ ഉപേക്ഷിച്ച നേമം അതിന്‍റെ രാഷ്ട്രീയ സ്വഭാവം കാണിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഇ രമേശൻ നായരെ പരാജയപ്പെടുത്തി സിപിഎം നേതാവ് വിജെ തങ്കപ്പൻ നിയമസഭയിലെത്തി. 18 വർഷങ്ങൾക്ക് ശേഷം എൻ ശക്തനാണ് കോൺഗ്രസിന് വേണ്ടി 2001ല്‍ നേമം പിടിച്ചെടുക്കുന്നത്. ഈ കഥ പറഞ്ഞത്, നിലവില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേമം ഒരു വലിയ ചര്‍ച്ചയായത് കൊണ്ടാണ്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി താമര വിരിഞ്ഞത് നേമത്താണ്. ബിജെപി നേതാവ് ഒ രാജഗോപാല്‍ സിറ്റിങ് എംഎല്‍എയും സിപിഎം നേതാവുമായ വി ശിവൻ കുട്ടിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. 2006ന് ശേഷം കോൺഗ്രസ് ഉപേക്ഷിച്ച മണ്ഡലത്തില്‍ ഘടകകക്ഷിയായ ജനതാദൾ യുണൈറ്റഡാണ് മത്സരിച്ചുവന്നത്. 2011ലും 2016ലും യുഡിഎഫ് നേമത്ത് മൂന്നാം സ്ഥാനത്തായിരുന്നു. 2006ല്‍ എൻ ശക്തൻ കോൺഗ്രസ് സ്ഥാനാർഥിയായി ജയിക്കുമ്പോൾ ലഭിച്ചത് 60,884 വോട്ടുകളാണ്. അത് 2016ല്‍ എത്തുമ്പോൾ യുഡിഎഫ് സ്ഥാനാർഥിയുടെ വോട്ട് 13,860 വോട്ടായി കുറഞ്ഞു. അതോടെ നേമത്ത് യുഡിഎഫ് ബിജെപിക്ക് വോട്ട് മറിച്ചു എന്ന് സിപിഎം ആരോപിച്ചു. ഇത്തവണ വി ശിവൻ കുട്ടിയെ തന്നെയാണ് സിപിഎം നേമത്ത് സ്ഥാനാർഥിയായി തീരുമാനിച്ചിട്ടുള്ളത്. ബിജെപി സ്ഥാനാർഥിയായി മുൻ മിസോറാം ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരനാണ് മുൻഗണന. പക്ഷേ കോൺഗ്രസിന്‍റെ സ്ഥിതി അതല്ല. നേമം തിരിച്ചു പിടിക്കണമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം ആഗ്രഹിക്കുന്നത്. ശക്തനായ സ്ഥാനാർഥിയെ നിർത്തി ബിജെപിക്ക് വോട്ട് മറിക്കുന്നു എന്ന സിപിഎം ആരോപണത്തിന് മറുപടി നല്‍കാൻ കൂടിയാണ് കോൺഗ്രസ് ദേശീയ നേതൃത്വം ഉദ്ദേശിക്കുന്നത്.