തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തുടര്‍ച്ചയായി 39 ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്കിറങ്ങുന്ന നവകേരള സദസ് നാളെ (നവംബര്‍ 18) മഞ്ചേശ്വരത്ത് നിന്നാരംഭിക്കും. നവകേരളത്തിന്‍റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയാണിതെന്നാണ് സര്‍ക്കാറിന്‍റെ അവകാശവാദം. ഡിസംബര്‍ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സമാപനം.
മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയില്‍ നാളെ വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സദസ് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്‍റെ ഭാഗമായി പര്യടനം നടത്തും. സ്വാതന്ത്ര്യസമര സേനാനികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, തെരഞ്ഞെടുക്കപ്പെട്ട മഹിള, യുവജന, കോളജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ പ്രതിഭകള്‍, കലാകാരന്‍മാര്‍, സെലിബ്രിറ്റികള്‍, അവാര്‍ഡ് ജേതാക്കള്‍, തെയ്യം കലാകാരന്‍മാര്‍, സാമുദായിക സംഘടന നേതാക്കള്‍, മുതിര്‍ന്ന പൗരന്‍മാരുടെ പ്രതിനിധികള്‍, വിവിധ സംഘടന പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ മണ്ഡലം സദസിലെ പ്രത്യേക ക്ഷണിതാക്കളാകും.
മന്ത്രിസഭ യോഗം നടക്കുന്ന ദിവസങ്ങള്‍ ഒഴികെ രാവിലെ ഒമ്പത് മണിക്ക് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി കൂടിക്കാഴ്‌ച നടക്കും. തുടര്‍ന്ന് വിവിധ മണ്ഡലങ്ങളിലെ സദസുകളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര തിരിക്കും. ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സംവിധാനമുണ്ടാവും. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് മുതല്‍ പരാതികള്‍ സ്വീകരിച്ചു തുടങ്ങും. മുഴുവന്‍ പരാതികളും സ്വീകരിക്കുന്നത് വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
പരാതികള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കും. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കും. ലഭിക്കുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് നിശ്ചയിച്ചിട്ടുള്ളത്. എല്ലാ പരാതികള്‍ക്കും കൈപ്പറ്റ് രസീത് നല്‍കും.