തിരുവനന്തപുരം:നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്‌ജി) തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മോക്ക് ഡ്രിൽ ഇന്ന് സെക്രട്ടേറിയറ്റിന് സമീപം നടന്നു. വൈകിട്ട് 3.45ഓടെ ഗ്രനേഡ് പൊട്ടുന്ന ശബ്‌ദം കേട്ട് ആളുകൾ പരിഭ്രാന്തരായി. ഉടൻ തന്നെ പൊലീസ് വാഹനങ്ങളും ഫയർ ഫോഴ്‌സും ആംബുലൻസും പാഞ്ഞെത്തി. പിന്നീടാണ് സംഭവം മോക്ക് ഡ്രിൽ ആണെന്ന് ആളുകൾക്ക് മനസിലായത്.
"സെക്രട്ടേറിയറ്റിന് സമീപം സ്ഫോടനം", ജനം പരിഭ്രാന്തരായി; സംഗതി മോക്ക് ഡ്രില്ലാണ് - നാഷണൽ സെക്യൂരിറ്റി ഗാർഡ് മോക്ക് ഡ്രിൽ
അടിയന്തര ഘട്ടങ്ങൾ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ വർധിപ്പിക്കുന്നതിനും വിവിധ ഏജൻസികൾ തമ്മിൽ ഏകോപനം ഉറപ്പാക്കുന്നതിനുമാണ് നാഷണൽ സെക്യൂരിറ്റി ഗാർഡ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.
15 മിനിട്ടോളം മോക്ക് ഡ്രിൽ നീണ്ടു. എംജി റോഡിൽ ഗതാഗതം നിയന്ത്രിച്ചായിരുന്നു മോക്ക് ഡ്രിൽ. അടിയന്തര ഘട്ടങ്ങൾ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ വർധിപ്പിക്കുന്നതിനും വിവിധ ഏജൻസികൾ തമ്മിൽ ഏകോപനം ഉറപ്പാക്കുന്നതിനുമായി ഇന്ന് (നവംബർ 5) മുതൽ 7 വരെയാണ് നാഷണൽ സെക്യൂരിറ്റി ഗാർഡ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.
ആദ്യമായാണ് കേരളത്തിൽ ഇത്രയും വിപുലമായ മോക്ക് ഡ്രിൽ നടക്കുന്നത്. ഓരോ വർഷവും വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന മോക്ക് ഡ്രില്ലിന് ഇക്കൊല്ലം വേദിയാകുന്നത് തിരുവനന്തപുരമാണ്. തിരുവനന്തപുരം നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും തന്ത്രപ്രധാനമായ വിവിധ കേന്ദ്രങ്ങളിലാണ് മോക്ക് ഡ്രിൽ. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 400ൽ പരം എൻഎസ്‌ജി കമാൻഡോകളും മോക്ക് ഡ്രില്ലിൽ പങ്കെടുക്കും.