തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിന്‍റെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് നമ്പി നാരായണൻ. സിബിഐ അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നാണ് വിശ്വസിക്കുന്നത്.
ഐഎസ്ആർഒ ചാരക്കേസ് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണ്. ഒരു വ്യക്തിയാണോ കൂട്ടമാണോ ഇതിനുപിന്നിൽ എന്ന് അറിയില്ല. ഗൂഢാലോചന നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. അത് ആരാണ് നടത്തിയതെന്ന് കണ്ടെത്തണം. ജെയിൻ കമ്മിഷൻ റിപ്പോർട്ടിലെ സിബിഐ അന്വേഷണം ഇക്കാര്യത്തിൽ വ്യക്തത വരുത്തും എന്നാണ് വിശ്വസിക്കുന്നത്. അന്വേഷണവുമായി പൂർണമായും സഹകരിക്കും. അറിയാവുന്ന എന്ത് വിവരവും സിബിഐ ആരാഞ്ഞാൽ നൽകുമെന്നും നമ്പി നാരായണൻ പറഞ്ഞു.
എന്താണ് ചാരക്കേസ്
ഐഎസ്ആർഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ ശശികുമാരനും ഡോ നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്നതായിരുന്നു ആരോപണം. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്.
പതിറ്റാണ്ടുകള്‍ നീളുന്ന വിവാദം
1994 ഡിസംബറില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. പക്ഷേ, തെളിവുകള്‍ ഇല്ലെന്ന് ബോധ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ അറസ്റ്റിന് പിന്നില്‍ കേരളത്തിലെ അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരാണെന്ന് സിബിഐ അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയപരമായും കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കെ കരുണാകരന്‍റെ രാജിക്ക് വരെ ചാരക്കേസ് കാരണമായി.
1996 ഏപ്രിലില്‍ സിബിഐ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ജുഡീഷ്യല്‍ കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ചു. കോടതി തെളിവുകളുടെ അഭാവത്തില്‍ നമ്പി നാരായണനെ വെറുതെവിട്ടു. അതേവര്‍ഷം അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഇത് പിന്നീട് കോടതി റദ്ദാക്കി. 2018 ൽ ജസ്റ്റിസ് ദീപക് മിശ്ര ബഞ്ചിന്‍റെ സുപ്രീംകോടതി വിധിയിൽ നമ്പി നാരായണന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിയായി. സംസ്ഥാന ഗവണ്‍മെന്‍റ് 2018 ഓഗസ്ത് 10ന് പരസ്യമായി നഷ്ടപരിഹാര തുക നൽകി വിധി നടപ്പാക്കി.
Also read: ഐ.എസ്.ആർ.ഒ. ചാരക്കേസ് ഗൂഢാലോചന; തെളിവെടുപ്പ് തുടങ്ങി
Also read: നമ്പി നാരായണന് ഒരു കോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി