തിരുവനന്തപുരം:ഭാരത് ജോഡോ യാത്രയിൽ സിപിഎം പങ്കെടുക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസിന്‍റെ പരിപാടിയാണ്, അതിൽ സിപിഎം പങ്കെടുക്കേണ്ട ആവശ്യമില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് പങ്കെടുക്കേണ്ട എന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഭാരത് ജോഡോ യാത്രയിൽ സിപിഎം പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന് എംവി ഗോവിന്ദൻ - BHARAT JODO YATRA
കോൺഗ്രസിന്‍റെ പരിപാടിയിൽ സിപിഎം പങ്കെടുക്കേണ്ട ആവശ്യമില്ല, അതിനാലാണ് സിപിഎം ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാത്തതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ദേശീയ അടിസ്ഥാനത്തിൽ പൊതുവായ പ്രസ്ഥാനങ്ങൾ നടത്തുന്ന പരിപാടികളിൽ സിപിഎം പങ്കെടുക്കും. പ്രത്യേക രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പരിപാടികളിൽ പാർട്ടി തീരുമാനം അനുസരിച്ചാകും പങ്കാളിത്തമെന്നും ഗോവിന്ദൻ പറഞ്ഞു. കേരള ഘടകത്തിന്‍റെ എതിർപ്പ് മൂലമാണോ ഭാരത് ജോഡോ യാത്രയിൽനിന്ന് സിപിഎം വിട്ടുനിൽക്കുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗോവിന്ദൻ.
വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയെ പരാജയപ്പെടുത്താൻ മറ്റ് രാഷ്‌ട്രീയ കക്ഷികളുമായി സഖ്യങ്ങളാകാം. അത് പാർട്ടി തീരുമാനം അനുസരിച്ചാകും എന്ന് ത്രിപുരയിലെ സിപിഎം കോൺഗ്രസ് കൂട്ടുകെട്ടിനെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ഗോവിന്ദൻ പറഞ്ഞു. ആലപ്പുഴയിലെ സിപിഎമ്മിനുള്ളിലെ വിഷയങ്ങൾ പരിശോധിച്ച് വ്യക്തമായ നിലപാട് എടുക്കും. വിഭാഗീയത അടക്കമുള്ള എല്ലാ വിഷയങ്ങളും പരിശോധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.