തിരുവനന്തപുരം : മുട്ടത്തറ സഹകരണ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. അഴിമതി ആരോപണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിനെതിരെ നടപടിയെടുത്തത്. ബാങ്കില്‍ സഹകരണ രജിസ്ട്രാറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഭൂപണയ വായ്‌പ, സ്വര്‍ണ്ണപണയ വായ്‌പ, നിക്ഷേപത്തിന്‍മേലുള്ള വായ്‌പ എന്നിവയടയ്‌ക്കമുള്ള ഇടപാടുകളിലാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.
2022 ഫെബ്രുവരിയിലാണ് മുട്ടത്തറ ബാങ്കിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിക്കപ്പെട്ടത്. തുടർന്ന് 2022 മേയിൽ ജോയിന്‍റ് റജിസ്ട്രാർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ബാങ്കിനെതിരെ ആരോപണമുയർന്ന ഘട്ടത്തില്‍ നടന്ന പ്രാഥമികമായ അന്വേഷണത്തിനു ശേഷം സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. തുടര്‍ന്ന് സഹകരണ രജിസ്ട്രാര്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് 14 കോടിയോളം രൂപയുടെ തട്ടിപ്പ് ബാങ്കില്‍ നടന്നതായി കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സഹകരണ ബാങ്ക് പിരിച്ചുവിടാന്‍ മന്ത്രി ഉത്തരവിട്ടത്.
അന്വേഷണ റിപ്പോർട്ട് വന്നതിന് പിന്നാലെ കേരള സർക്കിൾ സഹകരണ യൂണിയനും കേരള ബാങ്കും ബാങ്ക് ഭരണസമിതിക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ തടസമില്ലെന്നു രേഖാമൂലം അറിയിച്ചു. ഇതോടെയാണ് സഹകരണ നിയമം വകുപ്പ് 32 പ്രകരമാണ് ഭരണസമിതിയെ പിരിച്ചുവിടുന്ന നടപടിയിലേക്ക് നീങ്ങിയത്. ആറ് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടത്തി പുതിയ ഭരണസമിതി രൂപീകരിക്കണം. സഹകരണ സംഘം അസി. റജിസ്ട്രാർ ഓഫിസിലെ ഇൻസ്പെക്‌ടർ എം. അഭിലാഷിനെ പുതിയ ഭരണസമിതി വരുന്നത് വരെ ബാങ്ക് അഡ്‌മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്‌തു.
സിപിഎം ജില്ലാ കമ്മിറ്റി അംഗം സുന്ദര്‍ പ്രസിഡന്‍റും നഗരസഭ കൗണ്‍സിലര്‍ സലിമും ഉള്‍പ്പെടുന്ന ഭരണസമിതിയാണ് മുട്ടത്തറ സഹകരണ ബാങ്ക് ഭരണം നിയന്ത്രിച്ചിരുന്നത്. മുന്‍പ് തൃശൂര്‍ കരുവന്നൂര്‍ ബാങ്കിലുള്‍പ്പടെ നടന്ന തട്ടിപ്പിന് സമാനമായ ക്രമക്കേടാണ് മുട്ടത്തറ സഹകരണ ബാങ്കിലും കണ്ടെത്തിയത്. എന്നാല്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും നിക്ഷേപകര്‍ക്കെല്ലാം പണം തിരികെ നല്‍കുമെന്നായിരുന്നു ഭരണസമിതിയുടെ വാദം. ഇത് തള്ളിക്കൊണ്ടാണ് മുട്ടത്തറ സഹകരണ ബാങ്കിനെതിരെ സര്‍ക്കാര്‍ നടപടി.