തിരുവനന്തപുരം: മുത്തൂറ്റ് സ്ഥാപനങ്ങളിലെ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഈ മാസം ഒൻപതിന് വീണ്ടും ചർച്ച നടത്തും. തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ വിളിച്ചുചേർത്ത ഇന്നത്തെ ചർച്ചയിൽ നിന്ന് മാനേജ്മെന്‍റ് പ്രതിനിധികൾ വിട്ടുനിന്നതോടെയാണ് വീണ്ടും ചർച്ച നടത്താൻ തീരുമാനമായത്.
മുത്തൂറ്റിലെ തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒന്‍പതിന് വീണ്ടും ചര്‍ച്ച
തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ വിളിച്ച ഇന്നത്തെ യോഗത്തില്‍ മാനേജ്‌മെന്‍റ് പ്രതിനിധികള്‍ പങ്കെടുക്കാത്തതിനാലാണ് വീണ്ടും ചര്‍ച്ച
തൊഴിലാളി സംഘടനാ പ്രതിനിധികളേയും മാനേജ്‌മെന്‍റിനെയും ഇന്ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് വൈകിട്ട് മൂന്നിന് ചര്‍ച്ചക്ക് വിളിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്ന് മാനേജ്‌മെന്‍റ് ഇമെയില്‍ മുഖാന്തരം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ചര്‍ച്ചയ്ക്ക് ഗസ്റ്റ് ഹൗസില്‍ എത്തിയ ശേഷമാണ് മന്ത്രിയും തൊഴിലാളി നേതാക്കളും തൊഴില്‍ വകുപ്പ് ജീവനക്കാരും ഇക്കാര്യം അറിയുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് കൂടുതല്‍ സമയം മാനേജ്‌മെന്‍റ് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഈ മാസം ഒന്‍പതിന് വീണ്ടും ചർച്ച നടത്താൻ നിശ്ചയിച്ചത്.
തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ കോട്ടയത്താണ് യോഗം നടക്കുക. മാനേജ്‌മെന്‍റ് പ്രതിനിധികള്‍ എത്താത്തതിനാല്‍ തൊഴിലാളി പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തി. സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീം, പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍, സെക്രട്ടറി ചന്ദ്രന്‍പിള്ള, മുത്തൂറ്റ് ജീവനക്കാരുടെ പ്രതിനിധികള്‍ എന്നിവരാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. മുത്തൂറ്റിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് തൊഴില്‍മന്ത്രി ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അതുകൊണ്ടാണ് എം.ഡി തന്നെ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടത്. മാനേജ്‌മെന്‍റും തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.