മന്ത്രിമാരെ തടഞ്ഞ് മത്സ്യത്തൊഴിലാളികള്‍ തിരുവനന്തപുരം :വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്‌ത മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധം. വി.ശിവന്‍കുട്ടി,ആന്‍റണി രാജു, ജി.ആര്‍ അനില്‍ എന്നിവരെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. ഇവിടുത്തെ മത്സ്യബന്ധന തുറമുഖ നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
ഇതോടൊപ്പം തിങ്കളാഴ്‌ച അപകടമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ സംവിധാനം വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്നും തീരവാസികള്‍ ആരോപിച്ചു. മന്ത്രിമാര്‍ രൂക്ഷമായി പ്രതികരിച്ചുവെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഷോ കാണിക്കരുതെന്ന് ഒരു മന്ത്രി ദേഷ്യത്തോടെ പ്രതികരിച്ചു. പരാതി പറഞ്ഞവര്‍ക്ക് രാഷ്ട്രീയമുണ്ടെന്നും പറയുകയായിരുന്നു.
ഇതോടെയാണ് മത്സ്യത്തൊഴിലാളികള്‍ രൂക്ഷമായി പ്രതികരിച്ചതെന്നും തീരദേശവാസികള്‍ പറയുന്നു. ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജ്, സബ് കലക്‌ടര്‍ എന്നിവരേയും പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതോടെ മന്ത്രിമാര്‍ സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
മന്ത്രി വി ശിവന്‍കുട്ടിയുടെ വിശദീകരണം :തങ്ങളെ തടയാന്‍ ആഹ്വാനം ചെയ്‌തത് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാദര്‍ യുജീന്‍ പെരേരയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചു. ഫാദര്‍ യുജീന്‍ പെരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാര്‍ സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായി. തങ്ങള്‍ തിരികെ പോകാന്‍ ഒരുങ്ങുമ്പോഴാണ് ബിഷപ്പ് തോമസ് നെറ്റോയും ഫാദര്‍ യുജീന്‍ പെരേരയും സംഭവസ്ഥലത്തെത്തിയത്. സ്ഥലത്തെത്തിയ ഉടന്‍ ഫാദര്‍ യുജീന്‍ പെരേര മന്ത്രിമാരെ തടയാന്‍ ആഹ്വാനം ചെയ്യുകയായിരുന്നുവെന്നും മന്ത്രി ആരോപിച്ചു.
ഫാദര്‍ യുജീനെതിരെ ആഞ്ഞടിച്ച് : വിഴിഞ്ഞം സമരം അവസാനിപ്പിക്കേണ്ടി വന്നതിന്‍റെ വാശി തീർക്കുകയാണ് യുജീന്‍ പെരേരയെന്നും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു പുരോഹിതനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നീക്കമാണിതെന്നും മന്ത്രി വി.ശിവൻകുട്ടി കുറ്റപ്പെടുത്തി. മന്ത്രിമാർ അടങ്ങുന്ന സംഘത്തെ പ്രകോപിപ്പിക്കാൻ ഫാദർ യുജീന്‍ പെരേര ശ്രമിച്ചു. നാട്ടുകാർ പക്ഷേ ഫാദർ യുജീന്‍റെ നിർദേശങ്ങൾ അവഗണിച്ചു.
മത്സ്യത്തൊഴിലാളികളിൽ നിന്ന് അനാവശ്യമായി ഇവർ പണം പിരിക്കാറുണ്ട്. ഇത് ചോദ്യം ചെയ്യുന്നതിനാലാണ് തങ്ങളോട് ഇവർക്ക് ദേഷ്യമെന്നും തീരദേശത്തുള്ളവരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. രണ്ട് മുതൽ അഞ്ച് ശതമാനം വരെ മത്സ്യത്തൊഴിലാളികള്‍ ലെവി അടക്കേണ്ടി വരുന്നു. പിരിച്ചെടുക്കുന്നതിന്‍റെ കണക്ക് എവിടെയെന്നും ആരുടെ അനുമതിയോടെയാണ് ഈ പിരിവെന്നും മന്ത്രി ചോദിച്ചു.
വിഴിഞ്ഞം സമരത്തിന്‍റെ പേരിലെ കലാപനീക്കങ്ങൾക്ക് നേതൃത്വം നൽകിയയാളാണ് ഫാദർ യുജീന്‍. ഇതിനിടെ മന്ത്രിമാരെ തങ്ങൾ തടഞ്ഞത് വികാരപരമായ പ്രതികരണമാണെന്നാണ് യുജീന്‍ പെരേര പറഞ്ഞത്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ടാവരുതെന്നും വി.ശിവൻ കുട്ടി പറഞ്ഞു. ആക്രമണ രീതിയിലാണ് യുജീന്‍ പെരേര വന്നതെന്നും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ എല്ലാത്തിനും സാക്ഷിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ ആരോപണങ്ങള്‍ക്കും മറുപടി:മുതലപൊഴിയിലെ വിഷയം നിയമസഭയിൽ ചർച്ച ചെയ്‌തതാണ്. അപകടത്തിൽപെട്ടവർക്ക് സഹായം ഉറപ്പാകുമെന്നും പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മരിച്ച മത്സ്യത്തൊഴിലാളി കുഞ്ഞുമോന്‍റെ മൃതദേഹത്തില്‍ മന്ത്രിമാര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ച ശേഷമാണ് മന്ത്രിമാര്‍ മടങ്ങിയതെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നത് ശരിയല്ല. മത്സ്യബന്ധന വള്ളം മറിഞ്ഞപ്പോള്‍ തന്നെ ജില്ല ഭരണകൂടം തെരച്ചിലിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഡോണിയര്‍ വിമാനം, ഹെലികോപ്റ്റര്‍ എന്നിവയടക്കമുള്ളവയുടെ സഹായത്തോടെ കോസ്‌റ്റ് ഗാര്‍ഡ്, ലോക്കല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് തുടങ്ങിയ ഏജന്‍സികള്‍ തെരച്ചില്‍ രാവിലെ തന്നെ ആരംഭിച്ചു. സ്‌കൂബ ഡൈവേഴ്‌സിന്‍റെ സേവനം മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ലഭ്യമാക്കിയതായും മന്ത്രി പറഞ്ഞു.
അപകടം ഇങ്ങനെ :തിങ്കളാഴ്‌ച പൂലര്‍ച്ചെയാണ് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചത്. പുതുക്കുറിച്ചി സ്വദേശിയായ കുഞ്ഞുമോനാണ് മരിച്ചത്. ബോട്ട് മറിഞ്ഞതിന് പിന്നാലെ എത്തിയ മറ്റൊരു മത്സ്യബന്ധന വള്ളത്തിലുണ്ടായിരുന്നവര്‍ കുഞ്ഞുമോനെ കണ്ടെത്തുകയായിരുന്നു. അബോധാവസ്ഥയില്‍ കരയിലെത്തിച്ച കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അപകടം നടന്നതിന് പിന്നാലെ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മൂന്നുപേരെ കാണാതായിട്ടുണ്ട്. റോബിന്‍, ബിജു, ബിജു എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കോസ്‌റ്റ് ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരാണ് കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തുന്നത്. കടല്‍ പ്രക്ഷുബ്‌ധമായി തുടരുന്നതാണ് തെരച്ചിലിന് വെല്ലുവിളിയുര്‍ത്തുന്നത്. നേവിയുടെ സഹായം തേടാനും ജില്ല ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നിരന്തരം അപകടം നടക്കുന്ന സ്ഥലമാണ് മുതലപ്പൊഴി. മത്സ്യബന്ധന തുറമുഖത്തിന്‍റെ നിര്‍മാണത്തിലെ അപാകതയാണ് ഇവിടെ നിരന്തരം അപകടം ഉണ്ടാകാന്‍ കാരണമാകുന്നതെന്ന് തീരദേശവാസികള്‍ വ്യക്തമാക്കുന്നു.