തിരുവനന്തപുരം :സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ആരോഗ്യവകുപ്പ്. ആശുപത്രി അഡ്മിഷന്‍, ഐസിയു അഡ്മിഷന്‍, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് സ്ട്രാറ്റജി, ഓക്സിജന്‍ സ്റ്റോക്ക് എന്നിവ വര്‍ധിപ്പിക്കുന്ന രീതിയിലാണ് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഓരോ സൂചനകള്‍ വരുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ആശുപത്രികളെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കാനാകാനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം.
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് മുന്നൊരുക്കം തുങ്ങിയിരിക്കുന്നത്. കഴിഞ്ഞ 4 ദിവസമായി ആറായിരത്തിനടുത്താണ് സംസ്ഥാനത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം. ഇത്തരത്തില്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് മൂന്നാം തരംഗത്തിന്‍റെ സൂചനയാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
37,736 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്. പുതിയ കേസുകളുടെ വളര്‍ച്ചാനിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 92 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ചികിത്സയിലുള്ളവരില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും ഐസിയുവും ആവശ്യമായി വന്നത്.