കേരളം

kerala

ETV Bharat / state

പൗരത്വ ഭേദഗതി നിയമം; സിപിഎമ്മും സര്‍ക്കാരും ഒളിച്ചുകളിക്കുന്നെന്ന് മുല്ലപ്പള്ളി - യു.എ.പി.എ കേസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രീയ പ്രതിഷേധ വേദിയില്‍പ്പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിതിഷായേയും ശക്തമായി വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്ന് മുല്ലപ്പള്ളി

CAA  CAB  പൗരത്വ നിയമ ഭേദഗതി  മുഖ്യമന്ത്രി  പിണറായി വിജയൻ  യു.എ.പി.എ കേസ്  അലൻ താഹ
പൗരത്വ നിയമത്തിലും സി.പി.എമ്മും സര്‍ക്കാരും ഒളിച്ചുകളിക്കുന്നതായി മുല്ലപ്പള്ളി

By

Published : Dec 27, 2019, 5:46 PM IST

തിരുവനന്തപുരം:പന്തീരാങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എക്ക് കൈമാറിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യു.എ.പി.എ കേസില്‍ ഒളിച്ചുകളിച്ചത് പോലെ പൗരത്വ നിയമത്തിലും സി.പി.എമ്മും സര്‍ക്കാരും ഒളിച്ചുകളി നടത്തുകയാണ്. പഴയ ജനസംഘത്തോടും പുതിയ ബി.ജെപിയോടും മുഖ്യമന്ത്രിക്ക് എന്നും മൃദുസമീപനമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. സി.പി.എം അനുഭാവികളായ രണ്ട് മുസ്ലീം യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേസ് എന്‍.ഐ.എക്ക് കൈമാറിയത് മുഖ്യമന്ത്രിയുടെയും പൊലീസ് മേധാവിയുടെയും സമ്മതത്തോടെയാണ്. ഡി.ജി.പിയുടെ മുന്‍കാല എന്‍.ഐ.എ ബന്ധമുപയോഗിച്ച് മുഖ്യമന്ത്രിയുടെ ആഗ്രഹം പൊലീസ് മേധാവി നടത്തികൊടുക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

യു.എ.പി.എ എന്ന കരിനിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് അതേ നിയമത്തിന്‍റെ പേരില്‍ രണ്ട് യുവാക്കളെ ബലിയാടാക്കിയത്. യു.എ.പി.എ വിഷയത്തില്‍ സി.പി.എമ്മിന് ആത്മാര്‍ത്ഥതയില്ല. എന്‍.ഐ.എയുടെ തലയില്‍ വച്ച് ഈ കേസില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തുന്നത്. മുഖ്യമന്ത്രിയുടെ നടപടി ആ രണ്ട് ചെറുപ്പകാരോട് കാണിക്കുന്ന ക്രൂരതയാണെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ വ്യക്തമാക്കി. ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്താന്‍ കഴിവുള്ള പ്രസ്ഥാനം കോണ്‍ഗ്രസാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രീയ പ്രതിഷേധ വേദിയില്‍പ്പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിതിഷായേയും ശക്തമായി വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇരുവരോടും മുഖ്യമന്ത്രി എന്നും മമത പുലര്‍ത്തിയിട്ടുണ്ട്. ബി.ജെ.പി. അധ്യക്ഷന്‍ മാത്രമായിരുന്ന അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ ഔദ്യോഗിക ഉദ്ഘാടനം പോലും കഴിഞ്ഞിട്ടില്ലാത്ത കണ്ണൂര്‍ വിമനാത്താവളം സകല ചട്ടങ്ങളും ലംഘിച്ച് കൊണ്ട് അദ്ദേഹത്തിന് പറന്നിറങ്ങാന്‍ തുറന്ന് കൊടുത്തതും അമിത് ഷാ സന്ദര്‍ശനം നടത്തുന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി റോഡുകള്‍ രാജവീഥിയാക്കി ഒരിക്കിയതും കേരളം മറന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഈ കപടമുഖം തിരിച്ചറിയാന്‍ കേരളത്തിലെ മതനിരപേക്ഷ കക്ഷികള്‍ക്ക് കഴിയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details